ചേച്ചിമാരെ കണ്ടിനാ; 
അവരുണ്ടാക്കിയ കുളം കണ്ടിനാ

കുളം നിർമിക്കുന്ന 
തൊഴിലുറപ്പ്‌ 
തൊഴിലാളികൾ


കുണ്ടംകുഴി തൊഴിലുറപ്പ്‌ പദ്ധതിയിൽ ഏറ്റെടുത്ത കുളം നിർമാണം വേഗത്തിൽ പൂർത്തിയാക്കി ബേഡഡുക്ക പഞ്ചായത്തിലെ മുള്ളംകോട്ടെ വനിതാ തൊഴിലാളികൾ. പത്തംഗസംഘം കഴിഞ്ഞ വേനലിൽ ആരംഭിച്ച നിർമാണമാണ്‌ രണ്ടുഘട്ടമായി എടുത്ത്‌ പൂർത്തിയാക്കിയത്‌. എട്ടുമീറ്ററോളം ആഴമുള്ള കിണറിൽ ബുധനാഴ്‌ച അവസാനഘട്ട പണി പൂർത്തിയാക്കി. മുള്ളംകോട്‌ പാറക്കടവിലെ ഇ സുധാകരന്റെ വീട്ടുമുറ്റത്താണ്‌ കുളം നിർമിച്ചത്‌. കഴിഞ്ഞ വേനലിൽ പണി ആരംഭിച്ചെങ്കിലും മഴ കനത്തപ്പോൾ നിർത്തി. പിന്നീട്‌ ഒരാഴ്‌ച മുമ്പാണ്‌ വീണ്ടും പണിതുടങ്ങിയത്‌. ബുധനാഴ്‌ച നല്ല തെളിനീരിരൊഴുക്കിൽ കുളം തെളിഞ്ഞു. എം പ്രിയ, എം സുനിത, പി സുലോചന, പി ബാലാമണി, എം ഗീത, എം നളിനി, കെ സീമ, എം അംബിക, സ്മിത, എം ലത എന്നിവടങ്ങിയ സംഘമാണ്‌ കുളം നിർമിച്ചത്‌. പരമ്പരാഗത കിണർ നിർമാണക്കാരനായ ഗോപിയുടെ വിദഗ്‌ധ നിർദ്ദേശം മാത്രം കിട്ടി. മൂന്ന്‌ ഇരുമ്പേണി തമ്മിൽ കെട്ടിയാണ്‌ കുളത്തിൽ ഇറങ്ങുന്നത്‌. മണ്ണ്‌ കിളച്ചതും കോരിയിടുന്നതും പുറത്തേക്ക്‌ വലിച്ചതും എല്ലാം വനിതാസംഘം തന്നെ. അധ്വാനഭാരം  കുറക്കാൻ വലിയ മരത്തിന്റെ കപ്പിയിലൂടെയാണ്‌ മണ്ണ്‌ വലിച്ചത്‌. നാനൂറിലധികം തൊഴിൽ ദിനങ്ങളാണ്‌ കുളം നിർമിക്കാൻ അനുമതിയുള്ളതെങ്കിലും മൂന്നൂറ്‌ തൊഴിൽ ദിനത്തിൽ തന്നെ പെൺകുരുത്തിൽ നിർമാണം പൂർത്തിയായി. പുറത്ത്‌ ആയിരത്തിലധികം രൂപ ദിവസവും കിട്ടുന്ന കിണർപണിയാണ്‌ 350ൽ കുറവ്‌ തൊഴിലുറപ്പ്‌ കൂലിക്ക്‌ ഇവർ പൂർത്തിയാക്കിയത്‌.   Read on deshabhimani.com

Related News