മുക്കുപണ്ട പണയതട്ടിപ്പ്; പ്രതികളെ വിട്ടുകിട്ടാൻ ഹർജി നല്‍കി
കാഞ്ഞങ്ങാട് സഹകരണബാങ്കുകളിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ ഹർജി നൽകി. കാഞ്ഞങ്ങാട് പടിഞ്ഞാർ പനങ്കാവിലെ കെ ബാബു, നിലാങ്കര പഴയ പാട്ടില്ലത്തെ ബി കെ അഷ്റഫ്, ആറങ്ങാടി വടക്കേ വീട്ടിൽ മുഹമ്മദ് റയീസ് എന്നിവരെ കസ്റ്റഡിയിൽ കിട്ടാനാണ് ഹൊസ്ദുർഗ് സിഐ പി അജിത്കുമാർ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ത്രേട്ട് കോടതിയിൽ ഹരജി നൽകിയത്. അതിനിടെ മുക്കുപണ്ട തട്ടിപ്പ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സ്‌ക്വാഡ് രൂപീകരിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ് പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിലാണ് സ്‌ക്വാഡ് രൂപീകരിച്ചത്. ഹൊസ്ദുർഗ്, നീലേശ്വരം, ചീമേനി ഇൻസ്‌പെക്ടർമാരായ പി അജിത്കുമാർ, നിബിൻ ജോയ്, എ അനിൽകുമാർ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥർ. കാഞ്ഞങ്ങാട്, വടകര സ്വദേശികളാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്മാരെന്നാണ് പൊലീസിന് ലഭിച്ച വിവരം. പണയം വച്ച മുക്കുപണ്ടങ്ങളിലേറെയും വളകളാണ്. ബാങ്കുകളിൽ പണയം വച്ച് പണം തട്ടുകയെന്ന ലക്ഷ്യത്തോടെ മുക്കുപണ്ടങ്ങൾ നിർമിക്കുന്ന രഹസ്യകേന്ദ്രങ്ങൾ വരെ ജില്ലയിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സഹകരണ ബാങ്കുകളിലെ മുക്കുപണ്ടപണയ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി 13 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പണയം വെച്ച മുഴുവൻ ആഭരണങ്ങളും ഫോറൻസിക് ലാബിൽ പരിശോധനക്കയക്കും. ബാങ്കുകളിൽ നൽകിയ തിരിച്ചറിയൽ രേഖകളും പരിശോധിക്കും. അപ്രൈസർമാർക്കും മാനേജർമാർക്കും തട്ടിപ്പിൽ പങ്കുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. Read on deshabhimani.com