പഠനത്തിന് അവധിയില്ല; സർഗാത്മകമാണ് വീട്ടകങ്ങൾ
ചെറുവത്തൂർ ശക്തമായ മഴയെ തുടർന്നുള്ള അവധി ദിനങ്ങളിൽ പഠനത്തിൽ കുട്ടികളെ ചേർത്ത് നിർത്താൻ കോവിഡ് കാല പഠന സങ്കേതം തിരികെയെത്തിച്ച് ജില്ലയിലെ അധ്യാപകർ. എഴുതിയും വരച്ചും ചിത്രങ്ങൾ മുറിച്ചൊട്ടിച്ചുമെല്ലാം വീടുകളിൽ പഠനത്തിലാണ് കുട്ടികൾ. ചെറുവത്തൂർ കാരിയിൽ എഎൽപി സ്കൂൾ അധ്യാപകർ ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ക്ലാസുകൾ നൽകി. ചന്തേരയിലെ കുട്ടികൾ അവധി ദിനങ്ങളിൽ വീടുകളിലിരുന്ന് തയ്യാറാക്കിയത് ഒന്നാന്തരം ഇംഗ്ലീഷ് സ്റ്റോറി ബുക്കുകളും, മലയാളം ചിത്രകഥാ പുസ്തകങ്ങളും. ഇസത്തുൽ ഇസ്ലാം എഎൽപി സ്കൂളാണ് സർഗ സൃഷ്ടികൾക്ക് അവസരമൊരുക്കിയത്. പ്രാദേശിക ലൈബ്രറികൾ ഉപയോഗപ്പെടുത്തി കൊടക്കാട് ഗവ. വെൽഫെയർ യുപി സ്കൂളിൽ ഇംഗ്ലീഷ് വാർത്തകൾ തയ്യാറാക്കിയാണ് പഠന പ്രവർത്തനം സജീവമാക്കിയത്. അവധി ദിനങ്ങളിൽ വീടുകളിലിരുന്ന് കുട്ടികൾ എഴുതിയ ഡയറികൾ പലതും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടി. മഴ അവധി തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ ഓഫീസർമാർ പ്രധാനാധ്യാപകരുടെ യോഗം വിളിച്ച് ചേർത്തിരുന്നു. സുരക്ഷ ഉറപ്പാക്കി ഓൺലൈൻ വഴി പഠന പിന്തുണ നൽകാനുള്ള തിരുമാനമെടുത്തു. കോവിഡ് കാല രീതിയിൽ പഠന പ്രവർത്തനം വാട്സാപ്പ് ഗ്രൂപ്പുകളിലെത്തി. അവശ്യ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ കുട്ടികളുടെ വീടുകളിൽ എത്താനും വിദ്യാഭ്യാസ ഓഫീസർമാരുടെ നിർദേശമുണ്ടായിരുന്നു. ശനി, ഞായർ അവധി കഴിഞ്ഞ് തിങ്കൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് അധ്യാപകർ വിദ്യാലയത്തിലെത്തി എല്ലാത്തരത്തിലുള്ള സുരക്ഷയും ഉറപ്പാക്കും. വയനാട്ടിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കാനും ജില്ലയിലെ വിദ്യാലയങ്ങൾ പ്രവർത്തനം നടത്തുകയാണ്. Read on deshabhimani.com