ബിജെപിയിൽ തമ്മിൽത്തല്ല് വീണ്ടും
കാഞ്ഞങ്ങാട് ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ കലാപക്കൊടിയുമായി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി രംഗത്ത്. വെള്ളിയാഴ്‌ച കലക്ടറേറ്റിലേക്ക് നടത്തിയ ബിജെപി മാർച്ചിൽ പ്രവർത്തകർ ശുഷ്‌കമായി. കുറേ നാളുകളായി ബിജെപി ജില്ലാ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയിൽനിന്ന് സമരത്തിന് ആരും എത്തിയില്ല. പെരിയ കേന്ദ്രസർവകലാശാലയിൽ, പാർടിക്കെതിരെ കേസുകൊടുത്തയാളുടെ കുടുംബത്തിന് ജോലി നൽകിയെന്ന് പ്രവർത്തകർ പരാതിപ്പെടുന്നു. ഇക്കാര്യത്തിൽ ജില്ലാ നേതൃത്വത്തോട് നിരവധി തവണ പരാതി പറഞ്ഞിട്ടും പ്രതികരണമില്ലെന്ന് കാഞ്ഞങ്ങാട്ടെ നേതാക്കൾ പറയുന്നു. നാടിന്റെ വികസനത്തിന് ഇടപെടാൻ നേതാക്കൾക്ക് പറ്റുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു. കാഞ്ഞങ്ങാട് റെയിൽവേസ സ്‌റ്റേഷൻ വികസനം, കേന്ദ്രസർവകലാശാല മെഡിക്കൽ കോളേജ്, എയിംസ് തുടങ്ങിയ കാര്യങ്ങളിലെന്നും സമ്മർദ്ദം ചെലുത്താൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും പ്രവർത്തകർ പരസ്യമായി പറഞ്ഞു തുടങ്ങി. അംഗത്വ വിതരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയോഗത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണുയർന്നത്. കാസർകോട്ടെ നിസ്സംഗത പടരുന്നു ജില്ലാ നേതൃത്വത്തിന്റെ അവഗണനയിൽ മനംനൊന്ത് കൊലക്കേസ് പ്രതിയായ കാസർകോട്ടെ ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തോടെ കാസർകോട്ടും ഒരുവിഭാഗം ഒന്നരവർഷമായി ഇടഞ്ഞുനിൽപ്പാണ്. അവിടത്തെ പ്രവർത്തകരുടെ നിസ്സംഗത ഇപ്പോൾ ജില്ലയിലാകെ വ്യാപിക്കുയാണ്. മധൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള അഴിമതിയാരോപണവും വിജിലൻസ് അന്വേഷണവുമെല്ലാം ബിജെപിക്കകത്തെ പ്രശ്‌നങ്ങൾ ആളിക്കത്തിച്ചിട്ടുണ്ട്. ഇതിനിടയിലാണ് കാഞ്ഞങ്ങാട്ടെ പ്രശ്‌നവും നേതൃത്വത്തിന് തലവേദനയാകുന്നത്. Read on deshabhimani.com