റൂണി... എല്ലാത്തിനും നന്ദി! ടാറ്റ

പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിൽനിന്ന് 
വിരമിക്കുന്ന പൊലീസ്‌ നായ റൂണി


കാസർകോട്‌ കുറ്റവാളികളെ പിന്തുടർന്ന്‌ പിടികൂടുന്നതിൽ മിടുക്ക്‌ കാണിച്ച പൊലീസ്‌ നായ "റൂണി' ചൊവ്വാഴ്‌ച വിരമിക്കും. കൊലപാതകം, മോഷണം ഉൾപ്പെടെ തെളിവില്ലാത്ത നിരവധി കേസുകൾക്ക്‌ തുമ്പുണ്ടാക്കിയ റൂണിക്ക്‌ ചൊവ്വ പകൽ 11.30ന്‌ ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപയുടെ നേതൃത്വത്തിൽ ഗംഭീര യാത്രയയപ്പാണ്‌ ഒരുക്കിയത്‌.  തൃശൂരിലെ സംസ്ഥാന ഡോഗ്‌ ട്രെയിനിങ്‌ സ്‌കൂളിൽനിന്ന്‌ പരിശീലനം പൂർത്തിയാക്കി 2016ൽ ഒന്നര വയസുള്ളപ്പോഴാണ്‌ റൂണി ജില്ലയിലെത്തുന്നത്‌.  ചിറ്റാരിക്കാൽ സ്‌റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകം തെളിയിച്ചതായിരുന്നു ആദ്യദൗത്യം. സംഭവസ്ഥലത്തുണ്ടായിരുന്ന ചെരിപ്പ്‌ മണത്തുനോക്കിയ റൂണി നേരെ പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു.  ബദിയടുക്ക സ്‌റ്റേഷൻ പരിധിയിൽ കുട്ടിയെ കാണാതായപ്പോൾ വസ്‌ത്രം മണത്തുനോക്കിയ ശേഷം പുഴയുടെ കരയിലെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ നേർവഴി കാണിച്ചു. അമ്പലത്തറയിൽ വീട്ടമ്മയുടെ കൊലപാതകം തെളിയിക്കാൻ റൂണി കാട്ടിയ മിടുക്ക്‌ ഏറെ പ്രശംസ നേടി. അഞ്ച്‌ ഇതരസംസ്ഥാന തൊഴിലാളികളെ കസ്‌റ്റഡിയിൽ എടുത്തുവെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താൻ പൊലീസ്‌ പ്രയാസം നേരിട്ടു. വീട്ടമ്മയുടെ മാലയുടെ ഗന്ധം തിരിച്ചറിഞ്ഞ റൂണി പ്രതിയുടെ അടുത്തെത്തി.  ബേക്കൽ സ്‌റ്റേഷൻ പരിധിയിൽ കിണറിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ കുപ്പിയിൽ മണംപിടിച്ച്‌ നേരെ പ്രതിയുടെ വീട്ടിലെത്തിയതും റൂണിയായിരുന്നു. ഇതിനെല്ലാം പുറമെ പൊലീസ്‌ ഡ്യൂട്ടി മീറ്റിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. 2018ൽ സിൽവർ മെഡലും 2019ൽ ലക്‌നൗവിൽ നടന്ന ഓൾ ഇന്ത്യ പൊലീസ്‌ ഡ്യൂട്ടി മീറ്റിൽ ഏഴാംസ്ഥാനവും നേടി. നിലവിൽ ഒമ്പത്‌ വയസും എട്ട്‌ മാസവും പ്രായമുള്ള ഈ പൊലീസ്‌ നായ തൃശൂരിലെ വിശ്രാന്തിയിൽ ഇനിയുള്ള കാലം വിശ്രമ ജീവിതം നയിക്കും. എസ്‌ രഞ്‌ജിത്ത്‌, ആർ പ്രജേഷ്‌ എന്നിവരാണ്‌  പരിശീലകർ.     Read on deshabhimani.com

Related News