മുങ്ങൽ സംഘം ഇന്നും തിരച്ചിൽ തുടരും

നേവിയുടെ സ്കൂബാ മുങ്ങൽ സംഘം കീഴൂർ കടലിൽ റിയാസിനായി തിരച്ചിൽ നടത്തുന്നു


കാസർകോട്‌ കീഴൂർ കടപ്പുറം അഴിമുഖത്ത് കഴിഞ്ഞ ശനിയാഴ്‌ച ചൂണ്ടയിടുന്നതിനിടെ കാണാതായ കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിനെ (37) കണ്ടെത്താൻ വെള്ളിയാഴ്‌ചയും നേവിയുടെ സ്കൂബ മുങ്ങൽ സംഘം തിരച്ചിൽ തുടരും. കോസ്റ്റ് ഗാർഡിന്റെ ഏരിയൽ സെർച്ച് സംഘവും എത്തും.  വ്യാഴാഴ്‌ച രാവിലെ ഫിഷറീസ്‌ വകുപ്പിന്റെ പെട്രോൾ ബോട്ട്‌ കീഴൂർ അഴിമുഖത്തുനിന്നും  തലശേരി ഭാഗത്തേക്ക്‌ തിരച്ചിൽ നടത്തി. കണ്ണൂർ ജില്ലയിലെ ഫിഷറീസിന്റെ ബോട്ട്‌ ഏഴിമല ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്കും കാസർകോട്‌ ബോട്ട്‌ കീഴൂരിൽനിന്നും കണ്ണൂർ ഭാഗത്തേക്കും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.  തിരച്ചിലിനിടയിൽ  ഓരോയിടത്തുമുള്ള ബോട്ടുകളിലേക്കും മത്സ്യത്തൊഴിലാളികൾക്കും  വയർലസ്‌ വഴി  തിരച്ചിൽ സംബന്ധിച്ച്‌ നിർദേശവും നൽകി. ബുധനാഴ്‌ച രാവിലെ മുതൽ ഉഡുപ്പിയിലെ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മാൽപെയെത്തി പുഴയിൽ തപ്പിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.  കാണാതായ കഴിഞ്ഞ ശനി പകൽ 12ന്‌ തന്നെ റവന്യു വകുപ്പ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പൊലീസ്, അഗ്നി രക്ഷാസേന ടീമുകൾ ഏകോപിച്ചു ശക്തമായ മഴയെയും അടിയോഴുക്കിനെയും അവഗണിച്ചു  തെരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. ഇതേ തുടർന്നാണ്‌ മുഖ്യമന്ത്രി ഇടപെട്ട്‌ നേവിയുടെ സ്‌കൂബാ സംഘത്തെ എത്തിച്ചത്‌. തീരസംരക്ഷണ സേനയുടെ ബേപ്പൂരിൽനിന്നുള്ള ഡോണിയർ വിമാനവും തിങ്കളാഴ്‌ച സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. Read on deshabhimani.com

Related News