യാത്രയ്‌ക്കിടെ ഹൗസ് ബോട്ടിന് തീപിടിച്ചു
തൃക്കരിപ്പൂർ വിനോദ സഞ്ചാരികളുമായി കവ്വായി കായലിൽ സർവീസ് നടത്തുകയായിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. ആളപായമില്ല. ഞായർ പകൽ 11 ഓടെ കവ്വായി കായലിൽ മെട്ടമ്മൽ ഭാഗത്തുവച്ചാണ് ബോട്ടിന്റെ മുകൾ നിലയിൽ തീ പടർന്നത്. വെളളാപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന വി ലാൻഡ് പാർക്കിന്റെ ബോട്ടിലാണ് തീപിടുത്തം. ബോട്ടിലെ യാത്രക്കാരോ ജീവനക്കാരോ തീ പടർന്നത് അറിഞ്ഞില്ല. മെട്ടമ്മലിലെ വി സുകുമാരന്റെ അവസരോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവായത്. മെട്ടമ്മലിലെ വി വി അബ്ദുള്ള ഹാജിയുടെ വീട്ടുകാരാണ് തീ പടർന്നത് ആദ്യം കണ്ടത്. ഉടൻ വീട്ടിലെ തൊഴിലാളിയായ സുകുമാരൻ കൂകി വിളിച്ച് അപകട വിവരം ബോട്ടിലുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ ഇടയിലെക്കാട് ജെട്ടിയിൽ ബോട്ട് അടുപ്പിച്ച് തീകെടുത്തി. സംഭവ സമയത്ത് 60 യാത്രക്കാരുണ്ടായിരുന്നു. ഇതേ ബോട്ടിൽ വെള്ളാപ്പിലേക്ക് യാത്രക്കാരെ സുരക്ഷിതമായി എത്തിച്ചു. പടന്നയിലെ കുടുംബമാണ് ബോട്ടിലുണ്ടായിരുന്നത്. മുകൾനിലയുടെ മേൽക്കൂരയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. Read on deshabhimani.com