ഇരിയണ്ണിയിലും അടുക്കത്തൊട്ടിയിലും പുലി

കാറഡുക്ക അടുക്കത്തൊട്ടിയിൽ സ്ഥാപിച്ച പുലിക്കൂട്


ബോവിക്കാനം  കാറഡുക്ക വനം പരിധിയിലെ ഇരിയണ്ണിയിലും അടുക്കത്തൊട്ടിയിലും പുലി ഭീഷണി വർധിക്കുന്നു. ഇരിയണ്ണിയിൽ ഹോട്ടൽ ജീവനക്കാരി കനകയുടെ മുന്നിലേക്ക് പുലി ചാടി വീണത് നാട്ടുകാരിൽ ഭീതി വർധിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്കാണ് സംഭവം. ജോലിക്ക് ഇരിയണ്ണി ടൗണിലേക്ക് നടന്നുവരികയായിരുന്നു. ആയുർവേദാശുപത്രിക്ക് സമീപം എത്തിയതും മരത്തിനു മുകളിൽ നിന്ന്‌ താഴേക്ക്‌ ചാടുകയുമായിരുന്നു. കനക  നിലവിളിച്ചപ്പോൾ പുലി ഓടിമറയുകയുമായിരുന്നു. പിന്നീട് കുറ്റിയടുക്കം ഭാഗത്തേക്കാണ് പുലി പോയതെന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞു. രാത്രികാലങ്ങളിൽ മാത്രം പുലി സഞ്ചരിക്കുമെന്ന് വനം വകുപ്പ് ആവർത്തിച്ച് പറയുന്നതിനിടയിലാണ് രാവിലെ പുലി ഇറങ്ങിയത്. സ്കൂൾ കുട്ടികളടക്കം നടന്നു പോകുന്ന സമയമായതിനാൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.  അഞ്ചു ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് ഇരിയണ്ണിയിലും പരിസരത്തുമായി പുലി സാന്നിധ്യമുണ്ടായത്. കാറഡുക്ക അടുക്കത്തൊട്ടിയിൽ അഞ്ച് ദിവസമായി പുലി സാന്നിധ്യമുണ്ട്. മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടതിനെ തുടർന്നുള്ള എല്ലാ ദിവസങ്ങളിലും പുലിയുടെ കാൽപാദം ജനവാസ കേന്ദ്രങ്ങളിൽ കണ്ടു.   അടുക്കത്തൊട്ടിയിൽ 
കൂട് സ്ഥാപിച്ചു  മുള്ളേരിയ  പുലി സാന്നിധ്യം തുടർച്ചായി കണ്ട കാറഡുക്ക അടുക്കത്തൊട്ടിയിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചു. വെള്ളിയാഴ്ച പകൽ മൂന്നിനാണ് കൂട് സ്ഥാപിച്ചത്. ആർആർടി നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സതീശന്റെ വീട്ടുപരിസരത്താണ് സ്ഥാപിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പുലി സ്ഥിരമായി വരുന്ന പ്രദേശമാണിത്. പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി ഇവിടെ രണ്ട് കാമറ സ്ഥാപിച്ചിരുന്നു.  ചൊവ്വാഴ്ച പുലിയെ കണ്ട സ്ഥലത്തിന് സമീപത്തായി മുള്ളൻപന്നിയെ കഴുത്തിന് കടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ പുലിയുടെ കാലടയാളവും അടുക്കതൊട്ടിയിൽ പലയിടത്തായി കണ്ടിരുന്നു.  ഡിഎഫ്ഒ കെ അഷറഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി വി വിനോദ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ എ ബാബു, എസ്എഫ്ഒ സ്പെഷൽ ഡ്യൂട്ടി ഓഫീസർ ബാബു, ആർആർടി എസ്എഫ്ഒ കെ ജയകുമാർ, എസ്എഫ്ഓ  എം പി രാജു എന്നിവർ നേതൃത്വം നൽകി. കാറഡുക്ക, മുളിയാർ പഞ്ചായത്തിലെ പല ഭാഗങ്ങളിലും പുലി ഭീഷണിയിലാണ്.    വനം മേധാവിക്ക് ജനപ്രതിനിധികൾ
നിവേദനം നൽകി  കാസർകോട്  കാറഡുക്ക പഞ്ചായത്തിൽ പുലി സാന്നിധ്യം കൂടി വരുന്നതിൽ നടപടി സ്വീകരിക്കണമെന്നാശ്യപെട്ട് ജനപ്രതിനിധികൾ ജില്ലാ വനം മേധാവി കെ അഷ്റഫിന്‌   നിവേദനം നൽകി.  കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ, വൈസ് പ്രസിഡന്റ് എം ജനനി, വികസന സ്ഥിരംസമിതി ചെയർമാൻ കെ നാസർ, എം തമ്പാൻ, രത്നാകര, രൂപാസത്യൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായത്.   Read on deshabhimani.com

Related News