മുനമ്പം പാലത്തിന് 17.70 
കോടിയുടെ അനുമതി



കാസർകോട്‌ ഉദുമ  മണ്ഡലത്തിലെ ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിന്‌ 17.70 കോടി രൂപയുടെ പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി കിട്ടിയതായി സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.  ചന്ദ്രഗിരി പുഴ രണ്ടായി പിരിയുന്ന സ്ഥാനത്ത് ചെമ്മനാട്, -ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ മലയോര മേഖലയെ ജില്ലാ ആസ്ഥാനവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും. നിലവിൽ പ്രദേശത്ത് ഒരു തൂക്കുപാലമുള്ളത് കാൽനടയാത്രയ്ക്ക് മാത്രമാണ് അനുയോജ്യം.‍  എരിഞ്ഞിപ്പുഴ, കരിച്ചേരി എന്നിവിടങ്ങളിലെ പാലം വഴിയാണ് ഇവിടങ്ങളിലെ ജനങ്ങൾ കാസർകോടുമായി ബന്ധപ്പെടുന്നത്.  കാസർകോട് നിന്ന് ദേശീയപാത വഴി കുണ്ടംകുഴിയിലേക്ക് 28 കി.മീ. യാത്ര പാലം യാഥാർത്ഥ്യമായാൽ‍ പകുതിയായി കുറയും.  18 കിലോമീറ്ററോളം ചുറ്റി വളഞ്ഞു  യാത്രചെയ്യുന്നതിന് പകരം മുനമ്പം പാലം വഴി 2  കിലോമീറ്ററിൽ ചട്ടഞ്ചാലിൽ എത്താം. ജില്ലാ ആസ്ഥാനത്തുനിന്ന് മുന്നാട്, കുറ്റിക്കോൽ, പാണത്തൂർ, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കും.  ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ റാണിപുരം, ബേക്കൽ എന്നിവയുമായി ബന്ധപ്പെടാനും എളുപ്പമാകും. പാലം യാഥാർഥ്യമാകുന്നതോടെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി  മാറ്റുന്നതിന് സഹായകമാകുന്ന ഭൂപ്രകൃതിയാണ്  പ്രദേശത്തേത്.   Read on deshabhimani.com

Related News