പട്ടയം ചോദിച്ചു; വീടും കിട്ടി
കാഞ്ഞങ്ങാട‌് പട്ടയത്തിന‌് കാത്തിരുന്നവർക്ക‌് ഭൂമിയോടൊപ്പം വീടും. പുല്ലൂർ നമ്പ്യാരടുക്കം സുശീലാ ഗോപാലൻ നഗർ ഹൗസിങ‌് കോളനിയിലെ 16 കുടുംബങ്ങൾക്കാണ‌് കൈവശഭൂമിക്ക‌് പട്ടയവും ലൈഫ‌് പദ്ധതിയിൽ വീടും ലഭിച്ചത‌്. 12 കുടുംബങ്ങളുടെ വീട‌് പണി ഏതാണ്ട‌് പൂർത്തിയായി. വാർപ്പുവരെ എത്തിയ വീടുകളുമുണ്ട‌്. മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. നാല് കുടുംബങ്ങൾക്ക‌് രണ്ടാംഘട്ടമായി വീട‌് പാസായി. പട്ടിക വർഗ കുടുംബങ്ങളാണ‌് കോളനിയിൽ ഭൂരിഭാഗവും. പുല്ലൂർ വില്ലേജിലെ 123 കുടുംബങ്ങൾക്കും പട്ടയം ലഭിച്ചു. മാടിപ്പാറ, നമ്പ്യാരടുക്കം കണ്ണോത്ത‌് മുട്ടിച്ചരൽ, ഉദയനഗർ, നെല്ലിത്തറ കോളനി, കാട്ടുമാടം, അമ്പലത്തറ നായിക്കുട്ടിപ്പാറ എന്നിവിടങ്ങളിലാണ‌് കുടുംബങ്ങൾ. വീടുണ്ടെങ്കിലും വീട്ടുനമ്പറില്ലാത്തവരും റേഷൻകാർഡും മറ്റും ഇല്ലാത്തവരായിരുന്നു. 30 വർഷമായി സ്വന്തമായി ഒരു കൂര പോലുമില്ലാത്തവർക്ക‌് വീട് ലഭിച്ചത‌് എൽഡിഎഫ് സർക്കാർ വന്നതുകൊണ്ടാണെന്ന് പട്ടയത്തിനായുള്ള സമരത്തിൽ മുന്നിൽ നിന്ന കർഷകത്തൊഴിലാളി യൂണിയൻ ഏരിയാ വൈസ‌്പ്രസിഡന്റ‌് എ കൃഷ‌്ണനും ബ്രാഞ്ച് സെക്രട്ടറി മണിക്കുട്ടി ബാബുവും പറഞ്ഞു. Read on deshabhimani.com