രജിത്തിന് അന്ത്യാഞ്ജലി
നീലേശ്വരം ഉത്സവങ്ങളിലും നാട്ടിലെ ആഘോഷങ്ങളിലും എന്നും അവർ ഒന്നിച്ചായിരുന്നു. അവർ ഒന്നിച്ചുകൂടുന്ന അതേ നാട്ടുമ്പുറത്ത് ഒടുവിൽ രജിത്തിനും യാത്രാമൊഴി. ശനി രാവിലെ പത്തോടെയാണ് മംഗളൂരു എ ജെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിനാനൂരിലെ കെ വി രജിത്തിന്റെ മരണം. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് പതിനൊന്ന് ദിവസമായി ചികിത്സയിലായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ വൈകിട്ടോടെ എഡിഎം പി അഖിലിന്റെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടപടി പൂർത്തിയാക്കി. പോസ്‌റ്റ്‌മോർട്ടത്തിനായി വൈകിട്ട് ആറരയോടെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം രാത്രി 10 ഓടെ മൃതദേഹം ചോയ്യങ്കോട് ടൗണിലും എത്തിച്ചു. അവിടെ റോഡരികിൽ പ്രത്യേകം ഒരുക്കിയ ഗ്രൗണ്ടിൽ പൊതുദർശനത്തിനുവച്ചു. നേരത്തേ തന്നെ നാട്ടുകാരും സുഹൃത്തുകളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അവിടെ എത്തിയിരുന്നു. തുടർന്ന് വീട്ടിലും പൊതുദർശനത്തിനുവച്ചു. വൻ ജനാവലിയാണ് ചോയ്യങ്കോടും കിനാനൂരിലെ വീട്ടിലും അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ, ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ, വി കെ രാജൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് എന്നിവർ അന്ത്യാഞ്ജലിയർപ്പിച്ചു. പിന്നീട് ചൂരിപ്പാറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. Read on deshabhimani.com