വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാൻഡില്‍
ബദിയടുക്ക സ്‌കൂളിൽനിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പാടലടുക്കയിലെ അൻവറിനെ (33)യാണ് കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂൾ വിദ്യാർഥിയായ പതിനാലുകാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി റോഡരികിലൂടെ നടന്നുപോകുമ്പോൾ കാറിലെത്തിയ അൻവർ വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ കാറിൽ നിന്നിറങ്ങിയ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടി ഓടി വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടർന്ന് ബദിയടുക്ക പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതോടെ കാർ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. തുടർന്ന് അൻവറിനെ അറസ്റ്റുചെയ്‌ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. Read on deshabhimani.com