പ്രവാസി വ്യവസായിയുടെ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കാഞ്ഞങ്ങാട് പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം സി അബ്ദുൾ ഗഫൂർ ഹാജിയെ(55) കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കോടതി 10 ദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ബാര മീത്തൽ മാങ്ങാട്ടെ കെ എച്ച് ഷമീന (ജിന്നുമ്മ–-38), ഭർത്താവ് ഉളിയത്തടുക്ക നാഷണൽ നഗറിലെ ടി എം ഉബൈസ്(38), പൂച്ചക്കാട് മുക്കൂട് ജീലാനി നഗറിലെ പി എം അസ്നിഫ(40), മധൂർ കൊല്യയിലെ ആയിഷ(50) എന്നിവരെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ത്രേട്ട്(രണ്ട്) കോടതി കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾക്കുമായി കസ്റ്റഡിയിൽ കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ് പി കെ ജെ ജോൺസൺ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അബ്ദുൾ ഗഫൂർ ഹാജിയിൽനിന്നും പ്രതികൾ തട്ടിയെടുത്ത 596 പവൻ സ്വർണാഭരണത്തിൽ 29 പവൻ മാത്രമാണ് അന്വേഷണ സംഘത്തിന് കണ്ടെടുക്കാനായത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ജ്വല്ലറിയിൽനിന്നാണ് 29 പവൻ കണ്ടെടുത്തത്. ഭൂരിഭാഗം സ്വർണവും ജില്ലക്കകത്തും പുറത്തുുള്ള വിവിധ ജ്വല്ലറികളിലായി വിൽപ്പന നടത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തി മുഴുവൻ സ്വർണവും കണ്ടെടുക്കേണ്ടതുണ്ട്. Read on deshabhimani.com