അച്ഛന്റെ ഓർമ പേറുന്ന
ബൈക്ക് നൽകി ആദി

ഡിവൈഎഫ്ഐ റീബിൽഡ് വയനാടിനായി കമ്മാടത്തെ ടി ജി വിജയന്റെ ഓർമയ്‌ക്കായി മകൻ ആദി വിജയ് നൽകിയ ബൈക്ക് ബ്ലോക്ക് സെക്രട്ടറി എം എൻ പ്രസാദ്‌ ഏറ്റുവാങ്ങുന്നു


ഭീമനടി വയനാടിന്‌ കൈത്താങ്ങാവാൻ അച്ഛന്റെ ഓർമയ്‌ക്കായി ബൈക്ക് നൽകി നാലാംക്ലാസ്സുകാരൻ. കമ്മാടം ഗവ. എൽപി സ്കൂളിലെ നാലാം ക്ലാസ്‌ വിദ്യാർഥി ആദി വിജയാണ്‌  അച്ഛന്റെ ടി ജി വിജയന്റെ ഓർമ തുടിക്കുന്ന ബൈക്ക് ഡിവൈഎഫ്ഐയുടെ റീബിൽഡ്‌ വയനാട് പദ്ധതിക്ക്‌  കൈമാറിയത്.  കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ആദിയുടെയും ജ്യേഷ്ഠൻ ആരോമലിന്റെയും അച്ഛൻ കമ്മാടത്തെ ടി ജി വിജയൻ അന്തരിച്ചത്. അച്ഛൻ ഉപയോഗിച്ച ബൈക്ക് വിൽക്കാതെ അച്ഛന്റെ ഓർമയ്‌ക്കായി സൂക്ഷിക്കണമെന്ന വീട്ടുകാരോട് മക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വയനാട് ദുരന്തവാർത്ത അറിഞ്ഞശേഷം  ആദി  ബൈക്ക് പുനരധിവാസ പ്രവർത്തനത്തിനായി നൽകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പെരിങ്ങോം ഏകലവ്യ മോഡൽ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ ആരോമലും ഒപ്പം നിന്നു.    മുത്തച്ഛൻ സിപിഐ എം കുന്നുംകൈ ലോക്കൽ കമ്മിറ്റി അംഗമായ എം ഗോപാലൻ ഡിവൈഎഫ്ഐ നേതാക്കളെ വിവരം അറിയിക്കുകയും അവർക്ക്‌  ആദി വിജയ് ബൈക്ക് കൈമാറുകയുംചെയ്‌തു.  ബ്ലോക്ക് സെക്രട്ടറി എം എൻ പ്രസാദ് ഏറ്റുവാങ്ങി. സിപിഐ എം ഏരിയാ സെക്രട്ടറി ടി കെ സുകുമാരൻ,  കെ വി സൗഭാഗ്യ, കെ വി അഭിനവ്, സി കെ ബിജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News