നടുക്കുന്ന ഓർമകളുമായി നളിനാക്ഷൻ നാട്ടിലെത്തി
തൃക്കരിപ്പൂർ രണ്ട് മാസത്തെ ആശുപത്രി വാസത്തിനുശേഷം ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളും പേറി നളിനാക്ഷൻ നാട്ടിൽ മടങ്ങിയെത്തി. 49 പേർ വെന്തുമരിച്ച കുവൈത്തിലെ തൊഴിലാളി ക്യാമ്പിലെ തീപിടുത്തമുണ്ടായ കെട്ടിടത്തിൽനിന്നും എടുത്തുചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒളവറയിലെ ടി വി നളിനാക്ഷൻ ഞായറാഴ്‌ചയാണ് നാട്ടിലെത്തിയത്. മൂന്നാം നിലയിൽനിന്ന് വാട്ടർടാങ്കിലേക്ക് വീണ് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ് രണ്ട് മാസമായി കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാമൂഹ്യ പ്രവർത്തകൻ കൂടിയായ നളിനാക്ഷൻ കുവെത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. 20 വർഷമായി ഈ കമ്പനിയിൽ ജീവനക്കാരനാണ്. ഞായറാഴ്‌ച ഭാര്യ ബിന്ദുവുമൊത്ത് കൊച്ചിയിൽ വിമാനമിറങ്ങി വന്ദേഭാരത് ട്രെയിനിനാണ് കണ്ണൂരിലെത്തിയത്. ഒരുമിച്ച് കഴിഞ്ഞവർ പലരും ദുരന്തത്തിൽ നഷ്ടപ്പെട്ട ദുഃഖം വിട്ടുമാറിയിട്ടില്ല. ചികിത്സയ്‌ക്കും നാട്ടിൽ തിരിച്ചെത്തുന്നതിനും കമ്പനി എല്ലാവിധ സഹായവും നൽകിയതായി നളിനാക്ഷൻ പറഞ്ഞു. ജോലി ചെയ്ത എൻബിടിസി കമ്പനി മാനേജിങ് ഡയറക്ടർ കെ ജി എബ്രഹാം, ജനറൽ മാനേജർ മനോജ് നന്ത്യാലത്ത്, അസി. മാനേജർ റനീഷ്, കലേഷ്, നഴ്സ് അജീഷ് തുടങ്ങിവർ ആശ്വാസം നൽകി ഒപ്പം നിന്നു. അദ്ദേഹം പറഞ്ഞു. ബ്ലഡ് ഡൊണേഴ്സ് കേരളയുടെ കുവൈത്ത് കോ- ഓ ഡിനേറ്ററാണ് നളിനാക്ഷൻ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഭാര്യയും മകൻ ആദർശും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com