പട്ടാപ്പകൽ വീട് തുറന്ന് സ്വർണം മോഷ്ടിച്ചയാൾ പിടിയിൽ
കാഞ്ഞങ്ങാട് വീട്ടിൽ നിന്ന് പട്ടാപ്പകൽ ഏഴുപവൻ സ്വർണം കവർന്ന കേസിലെ പ്രതി പിടിയിൽ. കൊല്ലം വാളത്തുങ്കാൽ ചേതന നഗറിലെ ഉണ്ണി മുരുകനെ (30)യാണ് ഹൊസ്ദുർഗ് എസ്‌ഐ വി പി അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടുവച്ച് അറസ്റ്റ് ചെയ്തത്. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ സി വി ഗീതയുടെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിയാണ് ഉണ്ണി മുരുകൻ. വീട് പൂട്ടി താക്കോൽ പുറത്തുവച്ച് ഗീത പുറത്തുപോയ സമയമാണ്, അതെടുത്ത് മുൻവശത്തെ വാതിൽ തുറന്ന് അകത്തു കയറി ഉണ്ണി മോഷണം നടത്തിയത്. ജീവകാരുണ്യ പ്രവർത്തകൻ ചമഞ്ഞ് വീടുകളിൽ പണപ്പിരിവ് നടത്തുന്നയാണ് ഉണ്ണി. ഗീതയുടെ വീട്ടിൽ എത്തിയപ്പോൾ ആളില്ലെന്ന് മനസിലാക്കിയാണ് താക്കോൽ കണ്ടെത്തി അകത്തുകയറിയത്. ഗീതയുടെ പരാതിയിൽ കേസെടുത്ത ഹൊസ്ദുർഗ് പൊലീസ് മോഷണം പോയ മൊബൈൽ ഫോണിൽ സന്ദേശം അയച്ചാണ് പ്രതിയെ കുടുക്കിയത്. പ്രതി കോഴിക്കോട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെ പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു. Read on deshabhimani.com