കൈയടിക്കാം; ചെർക്കള മാർത്തോമയ്‌ക്ക്‌

കണ്ണൂരിൽ സമാപിച്ച സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ നാലാംസ്ഥാനം നേടിയ ചെർക്കള മാർത്തോമാ ബധിര വിദ്യാലയം ടീം


 ചെർക്കള  കണ്ണൂരിൽ  സമാപിച്ച സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിന് മികച്ച നേട്ടം.  സംസ്ഥാന തലത്തിൽ നാലാംസ്ഥാനം നേടിയ സ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യന്മാരാണ്‌. ഹൈസ്‌കൂൾ വിഭാഗത്തിലും നാലാം സ്ഥാനം നേടി.  എച്ച്‌എസ്‌എസ്‌ ചിത്രീകരണം, എച്ച്‌എസ്‌ സംഘനൃത്തം എന്നിവയിൽ ഒന്നാംസ്ഥാനം നേടി. ബാൻഡ്, ഒപ്പന, ദേശീയഗാനം,  മോണോ ആക്ട് (ആൺ, പെൺ), പദ്യ പാരായണം, പെൻസിൽ ഡ്രോയിങ്‌, പെയിന്റിങ്‌, നാടോടി നൃത്തം എന്നിവയിൽ എച്ച്‌എസ്‌എസിൽ എ ഗ്രേഡും ലഭിച്ചു. എച്ച്‌എസിൽ മോണോആക്ട്‌, ബാൻഡ്‌, ചിത്രീകരണം, ദേശീയഗാനം, നാടോടിനൃത്തം എന്നിവയിലും എ ഗ്രേഡ് ലഭിച്ചു.   ബാൻഡിലും ചിത്രീകരണത്തിലും പൂർവ വിദ്യാർഥികളായ കെ ജെ ശ്രീരാഗ്,  മുഹമ്മദ്‌ അഫ്രാഹിം എന്നിവരാണ് പരിശീലനം നൽകിയത്. മോണോആക്ട് പരിശീലിപ്പിച്ചത് സ്കൂളിലെ അധ്യാപകനും സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവുമായ കെ ടി ജോഷിമോനാണ്. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു ബേബി അനുമോദനയോഗം ഉദ്‌ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ്‌ ആർ ഭാസ്‌കർ അധ്യക്ഷനായി. പ്രധാനാധ്യാപിക എസ്‌ ഷീല സ്വാഗതവും കെ ടി ജോഷിമോൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News