ഷൊർണൂർ – കണ്ണൂർ ട്രെയിൻ മഞ്ചേശ്വരംവരെ നീട്ടണം: സി എച്ച് കുഞ്ഞമ്പു എംഎൽഎ
കാസർകോട് ജില്ല കാലങ്ങളായി നേരിടുന്ന ട്രെയിൻ യാത്രാ പ്രശ്നം പരിഹരിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ഷൊർണൂർ –- കണ്ണൂർ സ്പെഷ്യൽ ട്രെയിൻ മഞ്ചേശ്വരം വരെ നീട്ടണമെന്നും സി എച്ച് കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു. മലബാറിന്റെ വാണിജ്യ കേന്ദ്രമായ കോഴിക്കോട് വരെ ദിവസവും യാത്ര ചെയ്ത് തിരിച്ചു വരുന്ന നൂറുക്കണക്കിനാളുകൾ ജില്ലയിലുണ്ട്. എന്നാൽ വൈകീട്ട് അഞ്ചിനുശേഷം സാധാരണ യാത്രക്കാർക്ക് കണ്ണൂരിൽ നിന്നും വടക്കോട്ട് ട്രെയിനില്ല. കണ്ണൂരിൽ നിന്ന് 5.15 ന്റെ മംഗള എക്സ്പ്രസിലും 6.05 ന്റെ നേത്രാവതിയിലും ഓരോ ജനറൽ കംപാർട്ട്മെന്റ് മാത്രമേ ഉള്ളൂ എന്നതിനാൽ കാലുകുത്താൻ ഇവയിൽ കാലുകുത്താൻ ഇടമില്ല. നിരന്തര ആവശ്യത്തെ തുടർന്ന് ഷൊർണ്ണൂർ –- കണ്ണൂർ സ്പെഷ്യൽ (06031) ട്രെയിൻ അനുവദിച്ചതോടെ കണ്ണൂർ വരെയുള്ള യാത്രക്കാർക്ക് ആശ്വാസമായി. ഷൊർണൂരിൽനിന്ന് പകൽ മൂന്നിന് പുറപ്പെടുന്ന ഈ ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ അഞ്ചരക്ക് എത്തും. എന്നാൽ കണ്ണൂരിന് വടക്കുള്ള യാത്രക്കാർക്ക് ട്രെയിൻ കൊണ്ട് പ്രയോജനമില്ല. ഷൊർണ്ണൂർ ഭാഗത്തു നിന്നും വന്ന് കണ്ണൂരിൽ അവസാനിക്കുന്ന ഒമ്പതാമത്തെ ട്രെയിനാണ് ഷൊർണ്ണൂർ കണ്ണൂർ സ്പെഷ്യൽ ട്രെയിൻ. ഹ്രസ്വദൂര യാത്രക്ക് പരിമിതമായ സൗകര്യം മാത്രമുള്ള കണ്ണൂർ –- മംഗളൂരു റൂട്ടിൽ ആകെ ഒറ്റ പാസഞ്ചർ വണ്ടിയേ ഓടുന്നുള്ളൂ. പേരിനു പോലും ഒരു മെമു വണ്ടിയോ ജനശതാബ്ദിയോ ഓടാത്ത ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തെ ഏക റെയിൽ മേഖല കണ്ണൂരിനും മംഗളൂരുവി നും ഇടയിൽ മാത്രമാവും. യാത്ര ദുരിതത്തിന് പരിഹാരമായി കൂടുതൽ ഹ്രസ്വദൂര വണ്ടികൾ വേണമെന്നത് ഏറെ കാലത്തെ ആവശ്യമാണ്. ഷൊർണൂർ കണ്ണൂർ ട്രെയിൻ യാത്ര ദീർഘിപ്പിച്ചാൽ രാത്രി 8.50 ന് മഞ്ചേശ്വരം എത്തുകയും രാത്രി തന്നെ തിരിച്ച് കണ്ണൂരിൽ എത്തുകയും ചെയ്യാം. മൂന്ന് പ്ലാറ്റ്ഫോമുള്ള മഞ്ചേശ്വരത്ത് ട്രെയിൻ നിർത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. Read on deshabhimani.com