ലൈബ്രറി ഇൻസ്റ്റിറ്റ്യൂട്ട് 15ന് മുഖ്യമന്ത്രി തുറക്കും

15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്ന കുഡ്‌ലു ഉദയഗിരിയിലെ സംസ്ഥാന ലൈബ്രറി 
കൗൺസിലിന്റെ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം


 കാസർകോട് വിദ്യാനഗർ ഉദയഗിരിയിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. ലൈബ്രറി കൗൺസിലിന് സംസ്ഥാന സർക്കാർ അനുവദിച്ച 27.51 സെന്റ്‌ ഭൂമിയിൽ നിർമിച്ച കെട്ടിടം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. 2019 ജൂലൈ 17നാണ്  കെട്ടിടത്തിന്‌ കല്ലിട്ടത്. 2.24 കോടി രൂപ ചെലവിലുള്ള കെട്ടിടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമിച്ചത്‌.  ചുറ്റുമതിൽ, ഇന്റർലോക്ക്, ഗേറ്റ്  എന്നിവ നിർമിക്കാൻ 64.50 ലക്ഷം രൂപയുടെ കരാറും നൽകി.  ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ 40 പേർക്കാണ്‌  പ്രവേശനം. ആറ്‌ മാസമാണ്‌ കോഴ്‌സ്‌ കാലാവധി.  പുലിക്കുന്നിൽ ജില്ലാ ലൈബ്രറിയുടെ മിനി ലൈബ്രറിയിലാണ് നിലവിൽ കോഴ്സ് നടക്കുന്നത്. 28-ാം ബാച്ചാണ് ഇപ്പോഴുള്ളത്‌.  പിഎസ്‍സിയും സർവകലാശാലകളും അംഗീകരിച്ച കോഴ്സാണിത്.  കോഴ്സ് കഴിഞ്ഞവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിൽ സാധ്യതയുണ്ട്.  സ്കൂളുകളിലെ ലൈബ്രേറിയൻ തസ്തികയിലേക്ക്  ഉദ്യോഗാർഥികളെ നിയമിക്കാൻ സർക്കാരിനോട് ലൈബ്രറി കൗൺസിൽ ആവശ്യപ്പെടും.  പുതിയ കെട്ടിടത്തിൽ താമസസൗകര്യവുമുണ്ട്. ഇതര സംഘടനകളുടെ ക്യാമ്പും പരിശീലനവും ഇവിടെ നടത്തും. കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഓഫീസും കെട്ടിടത്തിലേക്ക്‌  മാറ്റും.   Read on deshabhimani.com

Related News