ഓണത്തിന് മധുരംകൂട്ടാൻ കുടുംബശ്രീ ബ്രാൻഡ്
കാസർകോട് ഓണവിപണിയെ കീഴടക്കാൻ ജില്ലയിൽ കുടുംബശ്രീ ബ്രാൻഡഡ് ശർക്കരവരട്ടിയും കായവറുത്തതും തയ്യാർ. കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ഫ്രെഷ് ബൈറ്റ്‌സ് എന്ന പേരിലാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത്. പൂർണമായും കുടുംബശ്രീ പ്രവർത്തകരാണ് ശർക്കരവരട്ടിയും കായവറുത്തതും നിർമിക്കുന്നതും വിപണിയിലെത്തിക്കുന്നതും. ജില്ലയിലെ മികച്ചതും നിർമാണത്തിന് ആവശ്യമായ ഉപകരണങ്ങളുള്ളതുമായ ശർക്കരവരട്ടിയും കായവറുത്തതും നിർമിച്ചുകൊണ്ടിരിക്കുന്ന യൂണിറ്റുകളെയാണ് കുടുംബശ്രീ ജില്ലാ മിഷൻ ഇതിനായി തെരഞ്ഞെടുത്തത്. ഗുണമേന്മയും സ്വാദും മെച്ചപ്പെടുത്താൻ കൃത്യമായ പരിശീലനവും നൽകിയിട്ടുണ്ട്. ജില്ലയിലെ 19 കുടുംബശ്രീ യൂണിറ്റുകളെയാണ് നിർമാണത്തിനായി തെരഞ്ഞെടുത്തത്. പിന്നീട് യൂണിറ്റുകളെ കോർത്തിണക്കി കാസർകോട് കുടുംബശ്രീ ഫുഡ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് എന്ന ക്ലസ്റ്റർ രൂപീകരിച്ചു. ക്ലസ്റ്ററിൽ നിന്നും രണ്ട് സംരംഭകരും രണ്ട് അഗ്രി കമ്യൂണിറ്റി റിസോഴ്‌സ്‌പേഴ്‌സൺമാരും ആലപ്പുഴയിൽ നടന്ന സംസ്ഥാന തല പരിശീലന ക്യാമ്പിൽ പങ്കെടുത്തു. പിന്നീട് ജില്ലാ തലത്തിൽ 19 യൂണിറ്റുകളിലെ അംഗങ്ങൾക്കും പരിശീലനം നൽകി. സെപ്തംബർ ആറിനാണ് യൂണിറ്റുകളിൽ നിർമാണം ആരംഭിച്ചത്. പാചകം കഴിഞ്ഞ് നിശ്ചിത ഇടവേളയ്ക്ക് ശേഷം കവറുകളിലാക്കും. ദീർഘനാൾ കേടുകൂടാതിരിക്കാൻ വായു കടക്കാത്തതും ഉറപ്പുള്ളതുമായ പാക്കറ്റുകളിലാണ് സൂക്ഷിക്കുന്നത്. 100, 250 ഗ്രാം പാക്കറ്റുകളായാണ് ഉൽപ്പന്നം വിൽക്കുന്നത്. 100 ഗ്രാമിന് 40 രൂപയും 250 ഗ്രാമിന് 100 രൂപയുമാണ് വില. കുടുംബശ്രീ സ്റ്റോറുകൾ, വിപണന മേളകൾ, ബസാറുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ വഴിയാണ് വിൽപ്പന. Read on deshabhimani.com