ജില്ലയിലും പ്രതിധ്വനിച്ചു; ആ വാക്കുകൾ
കാസർകോട് ജില്ലയിലെ എല്ലാ പാർടി കേന്ദ്രങ്ങളിലും സീതാറാം യച്ചൂരി പല പ്രാവശ്യം പ്രസംഗിക്കാനെത്തി. തെരഞ്ഞെടുപ്പ് കാലത്തും മറ്റും മണ്ഡലം റാലികളിൽ മുഖ്യ പ്രാസംഗികനായിരുന്നു അദ്ദേഹം. അതോടൊപ്പം സെമിനാർ പോലുള്ള പരിപാടികളിൽ മുഖ്യ പ്രഭാഷകനായും അദ്ദേഹം ജില്ലയിലെത്തി. യച്ചൂരി ജില്ലയിൽ അവസാനമെത്തിയത് കഴിഞ്ഞ ഡിസംബർ 28ന് ചെർക്കളയിലാണ്. പൊരുതുന്ന പലസ്‌തീന് ഐക്യദാർഡ്യം അർപ്പിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങളെയാണ് അദ്ദേഹം അഭിസംബോധന ചെയ്‌തത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും പ്രചാരണത്തിനായി അദ്ദേഹം പാർലമെന്റ് മണ്ഡലത്തിൽ പെട്ട പഴയങ്ങാടിയിൽ പ്രസംഗിക്കാനെത്തി. വർഗീയതക്കും കേന്ദ്ര ജനദ്രോഹ നയങ്ങൾക്കും എതിരെ മതേതര ചേരിയെ ശക്തിപ്പെടുത്താൻ അന്നത്തെ പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്‌തു. പലസ്‌തീനിൽ ഇപ്പോൾ നടക്കുന്ന അധിനിവേശത്തിന് സമാനമായി ഇന്ത്യയിലും നാളെ സംഭവിച്ചുകൂടായ്‌കയില്ലെന്ന് ഡിസംബർ 28ന് ചെർക്കളയിലെ പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിലെ മതേതര ചേരിയിലെ പ്രമുഖ നേതാവായതിനാൽ, കക്ഷി രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കാൻ ആൾക്കാർ എത്തി. ചെർക്കളയിലെ പലസ്‌തീൻ റാലിയും അതിനുദാഹരണമാണ്. ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട നിരവധി ജനങ്ങൾ അന്ന് ചെർക്കളയിൽ തടിച്ചുകൂടി. സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ചെറുവത്തൂരിൽ മൗന ജാഥ നടത്തി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ജനാർദനൻ, കയനി കുഞ്ഞിക്കണ്ണൻ, ടി നാരായണൻ, പി പത്മിനി, കെ നാരായണൻ, കുത്തൂർ കണ്ണൻ എന്നിവർ സംസാരിച്ചു. അനുസ്‌മരണ യോഗം നാളെ കാസർകോട് അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അനുസ്‌മരിക്കാൻ ശനിയാഴ്‌ച ലോക്കൽ കേന്ദ്രങ്ങളിൽ അനുസ്‌മരണ യോഗങ്ങൾ ചേരും. വൈകിട്ട് നാലിന് നടക്കുന്ന അനുശോചന യോഗത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ അഭ്യർഥിച്ചു. Read on deshabhimani.com