കാഞ്ഞങ്ങാട്ട് ട്രെയിനിന് കല്ലെറിഞ്ഞയാൾ പിടിയിൽ
കാഞ്ഞങ്ങാട് ട്രെയിനിന് കല്ലെറിഞ്ഞതിനെ തുടർന്ന് കൊല്ലം സ്വദേശിയായ യാത്രക്കാരന്റെ തലക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ചിത്താരി സ്വദേശി അബ്ദുൾ റിയാസിനെ(31)യാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളീധര(63)നാണ് കല്ലേറിൽ പരിക്കേറ്റത്. കഴിഞ്ഞ വെള്ളി പുലർച്ചെയാണ് കല്ലേറ്. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക് പ്രസിന്റെ പിറകിലെ ജനറൽ കമ്പാർടുമെന്റിൽ റിയാസും മുരളീധരനും യാത്രക്കാരായിരുന്നു. റിയാസ് മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന്, യാത്രക്കാർ ഇയാളെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ബലമായി ഇറക്കിവിട്ടു. ഇതിൽ പ്രകോപിതനായ റിയാസ്, ട്രെയിനിന് നേരെ കല്ലെറിഞ്ഞു. അരികിലുള്ള സീറ്റിൽ ഇരുന്ന മുരളീധരന്റെ തലക്കാണ് കല്ല് പതിച്ചത്. സാരമായി പരിക്കേറ്റ മുരളീധരൻ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത റെയിൽവേ പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. കാസർകോട് സ്റ്റേഷൻ എസ്എച്ച്ഒ റെജികുമാറിന്റെ നേതൃത്വത്തിൽ എസ്ഐ എം വി പ്രകാശൻ, എഎസ്ഐ ഇല്യാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപൻ, സിവിൽ പൊലീസ് ഓഫീസർ ജ്യോതിഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. നൂറോളം സിസിടിവി കാമറയും സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും പരിശോധിച്ചു. Read on deshabhimani.com