കാലം തെറ്റി മഴ; കുരുമുളക് കർഷകർക്ക് കണ്ണീർ
നീലേശ്വരം കാലം തെറ്റിയെത്തുന്ന മഴ മലയോരത്തെ കുരുമുളക് കർഷകർക്ക് കനത്ത പ്രഹരമാകുന്നു. കഴിഞ്ഞ ആഴ്ചയിൽ തുടർച്ചയായി പെയ്ത മഴയിൽ പകുതി മൂപ്പെത്തിയ കുരുമുളക് ചരട് പൂർണമായി കൊഴിഞ്ഞുപോവുകയാണ്. വരും ദിവസങ്ങളിലും മഴ ശക്തമാവുമെന്ന പ്രവചനം വന്നതോടെ കർഷകർ ആശങ്കയിലായി. കാലാവസ്‌ഥാ വ്യതിയാനം കാരണം ഇത്തവണ ഉൽപാദനം കുറവാണ്. കുരുമുളക് ചരടുകൾ വാടിയും ചീഞ്ഞും വീഴാൻ തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമത്തിലാണ് കർഷകർ. അതിനിടെ ഈയാഴ്ച വെയിൽ കനത്തതോടെ ദ്രുതവാട്ടവും തണ്ടുചീയലും വ്യാപിക്കാൻ തുടങ്ങി. ഇതിനുപുറമെ കീടബാധകൂടി വന്നതോടെ കൃഷി പൂർണമായും നശിക്കുമെന്ന അവസ്ഥയിലാണ്. കൃഷിഭവനുമായി ബന്ധപ്പെട്ട് പലതവണ മരുന്നുപ്രയോഗം നടത്തിയിട്ടും പ്രയോജനമില്ലെന്ന് കർഷകർ പറയുന്നു. കൊടികളുടെ ചുവട്ടിൽ കുരുമുളക് ചരടുകൾ ചീഞ്ഞു നശിക്കുന്നു. മറ്റുവിളകളെ അപേക്ഷിച്ച് കുരുമുളകിന് നല്ല വില ലഭിച്ചു വന്നിരുന്നു. അതിനിടെയാണ് ദുരിത പെയ്ത്തായി മഴയെത്തിയത്. കശുമാവുകൾക്കും മഴ വില്ലനായി കശുമാവുകൾ നന്നായി പൂത്തുതുടങ്ങിയത് ഏറെ പ്രതീക്ഷ ഉണർത്തിയെങ്കിലും കാലം തെറ്റി വന്ന മഴ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. ഡിസംബർ, ജനുവരി മാസങ്ങളിൽ പൂത്ത് വിരിയാറുള്ള കശുമാവുകൾ പകുതിയും പൂത്തതേയില്ല. കിനാനൂർ കരിന്തളം, മടിക്കൈ പഞ്ചായത്തുകളിൽ ഇലകരിച്ചിലും പുഴുശല്യവുമായിരുന്നു മുൻവർഷത്തെ ഭീഷണി. എന്നാലും ന്യായ വില ലഭിച്ചിരുന്നു. വീണ്ടും മഴ ശക്തമായാൽ കശുവണ്ടി വില കുത്തനെ താഴുമെന്നാണ് വ്യാപാരികളും പറയുന്നത്. കശുമാവ് കൃഷി ഉപേക്ഷിച്ചവർക്ക് കൃഷി വകുപ്പിന്റെ കശുമാവ് വികസന പദ്ധതിപ്രകാരം മേൽത്തരം കശുമാവിൻ തൈകളും സാമ്പത്തികസഹായവും കൃഷിഭവൻ മുഖേന ലഭിച്ചതോടെ നിരവധി പേർ വീണ്ടും ഈ രംഗത്തേക്കു വന്നിരുന്നു. Read on deshabhimani.com