നാലിലാംകണ്ടത്ത്‌ നെല്ലിക്കാ മധുരം

നെല്ലിക്കാ മഹോത്സവത്തിന്റെ ഭാഗമായി നാലിലാംകണ്ടം ഗവ. യുപി സ്‌കൂളിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും നെല്ലിക്ക ശേഖരിക്കുന്നു


ചെറുവത്തൂർ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്‌ നാലിലാംകണ്ടം എയുപി സ്‌കൂളും പരിസരവും. സ്‌കൂളിലെത്തുന്നവരെ ആദ്യം സ്വീകരിക്കുക കോമ്പൗണ്ടിലുള്ള നിരവധി നെല്ലിമരങ്ങളാണ്‌. സ്‌കൂളിന്‌ കാവലായിനിന്ന്‌ കുട്ടികൾക്ക്‌ തണലും അതോടൊപ്പം നെല്ലിക്കയും നൽകുന്ന നെല്ലിമരങ്ങൾ സ്‌കൂളിലെ അവിഭാജ്യ ഘടമാണ്‌. എല്ലാ വർഷവും സ്‌കൂളിൽ നെല്ലിമരങ്ങൾക്കായുള്ള ഒരാഘോഷം നടക്കും. അതാണ്‌ നെല്ലിക്കാ മഹോത്സവം. ഇത്തവണയും പതിവ്‌ തെറ്റിയില്ല. നിറയെ കായ്‌ച നെല്ലിമരങ്ങളിലെ നെല്ലിക്ക വിളഞ്ഞതോടെ നെല്ലിക്കാ മഹോത്സവം അരങ്ങേറി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ജീവനക്കാരുമെല്ലാം ചേർന്ന്‌  നെല്ലിക്ക പറിച്ചെടുത്തു. നാടൻ പാട്ടിന്റെ അകമ്പടിയോടെയാണ്‌ നെല്ലിക്കാ ശേഖരണം.  വർഷങ്ങളായി നാലിലാംകണ്ടം ഗവ. യുപി സ്കൂളിൽ തുടരുന്നതാണ് ഈ ജനകീയ ഉത്സവം. അഞ്ചേക്കറിൽ വിശാലമായ ജൈവ വൈവിധ്യ പാർക്കുള്ള സ്കൂളിൽ അപൂർവയിനം വൃക്ഷങ്ങളും ഔഷധ സസ്യങ്ങളുമുണ്ട്. വിവിധ ഫലസസ്യങ്ങളാൽ സമൃദ്ധമാണ് സ്കൂൾ വളപ്പ്‌. ദേശാടനപ്പക്ഷികളും ഉരഗജീവികളുമടക്കം വ്യത്യസ്‌ത ജീവജാലങ്ങളുടെ ആവാസ ഇടം കൂടിയാണിവിടം. നെല്ലിക്കാ മഹോത്സവത്തിന്‌ പ്രധാനാധ്യാപിക സി എസ് ശശികല, എം വി സന്തോഷ്, എ ശൈലജ എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News