ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 
ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റ് തുടങ്ങി

കാസർകോട്‌ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എക്‌സ്‌റേ യൂണിറ്റ്‌ മന്ത്രി ജെ ചിഞ്ചുറാണി ഓൺലൈനായി ഉദ്‌ഘാടനംചെയ്‌ത ശേഷം ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് 
പി ബേബി എക്‌സ്‌റേ മെഷീനിന്റെ സ്വിച്ചോൺ ചെയ്യുന്നു


 കാസർകോട്‌ ജില്ലാ പഞ്ചായത്ത് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സ്ഥാപിച്ച ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റ്  മന്ത്രി ജെ ചിഞ്ചുറാണി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകരെ കാലത്തിനൊപ്പം നടക്കാൻ പ്രാപ്തരാക്കുമെന്ന്  മന്ത്രി  പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവിലാണ്‌  ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റ്‌ സ്ഥാപിച്ചത്‌.   ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് പി ബേബി  അധ്യക്ഷയായി.  എക്‌സ്‌റേ മെഷീനിന്റെ സ്വിച്ച് ഓൺ പി ബേബി നിർവഹിച്ചു. പ്രകൃതിക്ഷോഭത്തിലും സൂര്യാഘാതത്തിലും കന്നുകാലികൾ നഷ്ടപ്പെട്ട 118 ക്ഷീരകർഷകർക്കുള്ള 28 ലക്ഷത്തോളം രൂപയുടെ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ എന്നിവർ ചേർന്ന് കുമ്പള വെറ്ററിനറി ഡോക്ടർക്ക് കൈമാറി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌  സ്ഥിരം സമിതി ചെയർമാൻ ഗീത കൃഷ്ണൻ കേരള ലൈവ്‌ സ്‌റ്റോക്ക് ഡവലപ്പ്‌മെന്റ് ബോർഡിന്റെ 'പാൽപ്പൊലിമ' പദ്ധതി പോസ്റ്റർ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി കെ മനോജ്കുമാറിന്‌ കൈമാറി.  കന്നുകാലികളുടെ പാലുൽപ്പാദന ക്ഷമത ഗണ്യമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട്‌ മൃഗസംരക്ഷണ വകുപ്പ് കെഎൽഡി ബോർഡുമായി സഹകരിച്ച് നടപ്പാക്കുന്ന പാൽപ്പൊലിമ പരിപാടിക്കും  തുടക്കമായി.   കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്ത്‌  സ്ഥിരം സമിതി ചെയർമാന്മാരായ  എസ് എൻ സരിത,  എം മനു,  കൗൺസിലർ  പി രമേഷ്,  ഡോ. പി പ്രശാന്ത് എന്നിവർ  സംസാരിച്ചു.  പി കെ സജീവ് സ്വാഗതവും ഡോ. വി വി പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.  പാൽ പൊലിമ എന്ന വിഷയത്തിൽ സംഘടിപ്പിച്ച  കർഷക സെമിനാറിൽ ഡോ. മുഹമ്മദ് ആസിഫ് വിഷയം അവതരിപ്പിച്ചു.  ഡോ. ഇ ചന്ദ്രബാബു മോഡറേറ്ററായി. ഡോ. പി ഷാനിഫ്  സംസാരിച്ചു.   Read on deshabhimani.com

Related News