ജില്ലാ ലൈബ്രറി കൗൺസിൽ 
പുസ്തകോത്സവം നാളെ തുടങ്ങും



കാഞ്ഞങ്ങാട്  ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം 16, 17, 18 തീയതികളിൽ മേലാങ്കോട്ട് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിലെ എസ് നാരായണ ഭട്ട് നഗറിൽ നടക്കും. പുസ്തകോത്സവത്തിനുള്ള ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 പ്രസാധകരുടെ 70  സ്റ്റാൾ മേളയിലുണ്ടാവും. പുസ്തകോത്സവം 16 ന് രാവിലെ 10 ന്‌ മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ജിയുപി സ്കൂൾ ഹാളിൽ  കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനംചെയ്യും. ചടങ്ങിൽ ജില്ലയിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശിപ്പിക്കും. വിവിധ കലാ സാഹിത്യ പുരസ്കാരങ്ങൾ നേടിയവരെ ആദരിക്കും.  വിവിധ മത്സരങ്ങളിലെ സമ്മാനാർഹർ, റീൽസ് മത്സര വിജയികളായ ഗ്രന്ഥശാലകൾ,  ഗ്രന്ഥാലോകം മാസികയ്ക്ക് കൂടുതൽ വരിക്കാരെ ചേർത്ത  ഗ്രന്ഥാലയങ്ങൾ എന്നിവയ്‌ക്ക്‌  ഉപഹാരം സമ്മാനിക്കും. വൈകിട്ട് നാലിന്‌  വയലാർ അനുസ്മരണവും വയലാർ കവിതാലാപന മത്സരവും. തുടർന്ന് അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയം അവതരിപ്പിക്കുന്ന കലാപരിപാടി.  17 ന് വൈകിട്ട് നാലിന്‌  പി ഭാസ്കരൻ അനുസ്മരണ സമ്മേളനവും പി ഭാസ്കരൻ രചിച്ച സിനിമാ ഗാനങ്ങളുടെ ആലാപന മത്സരവും.  18 ന് പകൽ 2.30 ന്‌ സമാപന സമ്മേളനം. ജില്ലയിലെ ഗ്രന്ഥശാലകൾക്കും സ്കൂൾ ലൈബ്രറികൾക്കും പൊതുജനങ്ങൾക്കും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വിലക്കിഴിവോടെ മേളയിൽ സ്വന്തമാക്കാം.  ആദ്യ രണ്ട് ദിവസങ്ങളിലും രാത്രി എട്ട്‌ വരെ മേളയുണ്ടാകും. വാർത്താസമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്‌ അംഗം പി വി കെ പനയാൽ,  പി ബിജു,  ടി രാജൻ,  പി വേണുഗോപാലൻ,  പ്രൊഫ. വി കരുണാകരൻ,  ടി കെ നാരായണൻ, സുനിൽ പട്ടേന,  എ കെ ആൽബർട്ട് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News