തളരാതെ മുന്നോട്ട്‌



 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 1987 മാർച്ച് 23ന് കേരളത്തെയാകെ ഞെട്ടിപ്പിച്ച സംഭവമാണ് ചീമേനിയിൽ നടന്നത്.  ചീമേനി പാർടി ഓഫീസ് മണ്ണെണ്ണയും പെട്രോളും ഒഴിച്ച് തീകൊഴുത്തി, അകത്തുള്ള സഖാക്കളെ കൂട്ടക്കുരുതി നടത്താനായിരുന്നു കോൺഗ്രസിന്റെ പദ്ധതി. നിരായുധരായ പാർടി പ്രവർത്തകർക്ക്‌  ഏറ്റുമുട്ടാൻ കഴിയുമായിരുന്നില്ല. പലരും  ഓടി രക്ഷപ്പെട്ടെങ്കിലും നമ്മുടെ പ്രിയപ്പെട്ട അഞ്ച്‌ സഖാക്കളെ കോൺഗ്രസ്‌ ക്രിമിനലുകൾ അരുംകൊല ചെയ്‌തു. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ കെ നായനാരായിരുന്നു തൃക്കരിപ്പൂരിലെ എൽഡിഎഫ്‌  സ്ഥാനാർഥി. സി കൃഷ്‌ണൻ നായരായിരുന്നു  തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. ജില്ലാ സെക്രട്ടറിയായിരുന്ന ഞാൻ മണ്ഡലത്തിന്റെ ചുമതലയിലുമായിരുന്നു.  കെ കരുണാകരൻ മുഖ്യമന്ത്രിയായ യുഡിഎഫ് സർക്കാറായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ദിവസം ജില്ലയിലെ പല സ്ഥലങ്ങളിലും കോൺഗ്രസ് അക്രമം  അഴിച്ചുവിട്ടിരുന്നു. ഇതിന് പൊലീസിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു.  കരിവെള്ളൂരിൽ പ്രവർത്തിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വൈകിട്ട്‌ ആറോടെയാണ് ഈ സംഭവം അറിഞ്ഞത്. ചീമേനിയിൽ കുഴപ്പമുണ്ടെന്നുള്ള വാർത്ത മാത്രമാണ് അറിയാൻ കഴിഞ്ഞത്.  ബൂത്തുകൾ സന്ദർശിച്ച ശേഷം സ്ഥാനാർഥിയായ നായനാർ ഓഫീസിലെത്തി. ഞാനും കൃഷ്‌ണൻ wനായരും അപ്പോൾ ഓഫീസിലുണ്ടായിരുന്നു. കാഞ്ഞങ്ങാട് സർക്കിൾ ഓഫീസുമായി നായനാർ ബന്ധപ്പെട്ടപ്പോൾ അന്നത്തെ സിഐ ആയിരുന്ന ഭാസ്‌കരൻ മോശമായ രീതിയിലാണ് പ്രതികരിച്ചത്. ഞങ്ങൾ ഉടനെ ഒരു ജീപ്പിൽ ചീമേനിയിലേക്ക് പുറപ്പെട്ടു. ചീമേനി ടൗണിൽ എത്തുമ്പോൾ കാണാൻ കഴിഞ്ഞത് കത്തിക്കൊണ്ടിരിക്കുന്ന പാർടി ഓഫീസാണ്. കടകളെല്ലാം പൂർണമായി അടഞ്ഞ്‌  അന്ധകാരത്തിലായിരുന്നു ചീമേനി. നൂറുകണക്കിന് പൊലീസുകാർ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഞങ്ങളുടെ കൈയിൽ  ടോർച്ചോ മറ്റ് വെളിച്ചമോ ഉണ്ടായിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന സിഐ പോക്കർ ഒരു ടോർച്ചുമായി നായനാരുടെ കൈപിടിച്ച് ആ പാറപുറത്തു കൂടെ നടന്നു. ഓഫീസിന്റെ ചുറ്റിലുമായി നമ്മുടെ സഖാക്കൾ വെട്ടേറ്റ് മരിച്ചുകിടക്കുന്ന ദയനീയ രംഗമാണ് കാണാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും യുഡിഎഫ് അധികാരത്തിൽ വരുമെന്നും  കരുണാകരൻ തന്നെ മുഖ്യമന്ത്രിയാകും എന്ന ചിന്തയോടെ നായനാരെ പരാജയപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അതിക്രൂരമായ കൊലപാതകങ്ങൾ അരങ്ങേറിയത്‌. മനസാക്ഷിയുള്ളവരെല്ലാം  ഈ സംഭവത്തെ അപലപിച്ചു. കോൺഗ്രസ്‌ പാർടി മാത്രമാണ് ഒരു കുറ്റബോധവും പ്രകടിപ്പിക്കാതിരുന്നത്. രണ്ട് വർഷത്തോളം ഇത് സംബന്ധിച്ച കേസ് കാസർകോട്‌ ജില്ലാ കോടതിയിൽ നടന്നു. കേരളത്തിലെ പ്രമുഖ അഭിഭാഷകനായ കുഞ്ഞിരാമ മേനോനും  കാഞ്ഞങ്ങാട്ടെ അഡ്വ. കെ പുരുഷോത്തമനുമാണ് സിപിഐ എമ്മിനായി  കോടതിയിൽ ഹാജരായത്.  ഭരണമാറ്റം വരുമെന്ന് ബോധ്യമായ സമയത്ത് തന്നെ കോൺഗ്രസിന്‌  ഇഷ്‌ടമുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ച് കേസ് ദുർബലപ്പെടുത്താൻ ശ്രമിച്ചെങ്കിലും  കുഞ്ഞിരാമ മേനോൻ തെളിവുകൾ നിരത്തി ഇതിനെ പൊളിച്ചു. പ്രതികൾ പൂർണമായും ശിക്ഷിക്കപ്പെടുമെന്ന വിശ്വാസത്തോടെയാണ്‌ പാർടി ജില്ലാ സെക്രട്ടറി കൂടിയായ ഞാൻ കോടതിയിൽ ഹാജരായത്. ജനകീയരോഷം ആളിക്കത്തുന്ന ഇതുപോലൊരു സംഭവത്തിൽ മാതൃകാപരമായി ശിക്ഷ നൽകിയില്ലെങ്കിൽ അത് സമൂഹത്തിൽ നല്ല സന്ദേശമല്ല നൽകുകയെന്ന്‌  വാദങ്ങൾക്കൊടുവിൽ കുഞ്ഞിരാമ മേനോൻ പറഞ്ഞു. എന്നാൽ,  ജഡ്‌ജി ഒറ്റവാചകത്തിലാണ് വിധി പറഞ്ഞത്. പ്രതികളെയെല്ലാം വെറുതെ വിട്ടിരിക്കുന്നു. കോടതിയിൽ എത്തിയവരെല്ലാം വിധിന്യായം കേട്ട് ഞെട്ടിപ്പോയി. തെളിവുകൾ പൂർണമായും ഉണ്ടായിട്ടും കേസ് നല്ലരീതിയിൽ വാദിച്ചിട്ടും വിധി വിപരീതമാകുമ്പോൾ ജുഡീഷ്യറിയെക്കുറിച്ച്  വിമർശനമുണ്ടാകുന്നത് സ്വാഭാവികം. ആക്രമങ്ങളും മർദനങ്ങളും കൊണ്ട് പ്രസ്ഥാനത്തെ നശിപ്പിക്കാൻ കഴിയില്ലെന്ന്‌  ചീമേനിയിലെ രണധീരർ ഓർമിപ്പിക്കുന്നു.   Read on deshabhimani.com

Related News