കൊതിയൂറും കാസർകോടൻ ചറുമുറു
കാസർകോട് കാസർകോട്ടെ തട്ടുകടകളിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ചറുമുറു. വിഭവസമൃദ്ധമായ സദ്യ വിളമ്പിയാലും നാട്ടുകാർക്ക് പ്രിയപ്പെട്ടത് ചറുമുറു തന്നെ. പൊരിയും കോഴിമുട്ടയും സവാളയും തക്കാളിയും മല്ലിയിലയും മുളകും മസാലയുമെല്ലാം കൃത്യമായ അളവിൽ ചേർത്ത് വട്ടച്ചെമ്പിൽ ചുഴറ്റിയെടുത്താണ് ചറുമുറു ഉണ്ടാക്കുന്നത്. ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ മുട്ട ഒഴിവാക്കിയും ഇത് ഉണ്ടാക്കുന്നുണ്ട്. ബംഗാളിൽ നിന്നാണ് ചറുമുറുവിന്റെ വരവ്. പിന്നീട് കർണാടകയിലേക്കും അവിടെനിന്നും കാസർകോട്ടേക്കും എത്തി. വർഷങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ രൂപത്തിലല്ല ഇന്ന് ചറുമുറു. ജില്ലയിൽ ഇതിന് പല വ്യത്യസ്തതകളുമുണ്ട്. മട്ടൻ സൂപ്പ് ചറുമുറു, ബുൾസൈ ചറുമുറു, പെപ്പർ ചറുമുറു, പെപ്പർ വിത്ത് ബുൾസൈ ചറുമുറു, ഓംലേറ്റ് ചറുമുറു, മയോണൈസ് ചറുമുറു, ഭംഗിയിൽ അലങ്കരിച്ച സ്പെഷ്യൽ ചറുമുറു എന്നിങ്ങനെ ചറുമുറു ലിസ്റ്റ് നീളും. സമൂഹമാധ്യമങ്ങളുടെ വ്യാപനത്തോടെ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ ചറുമുറു രുചി ആസ്വദിക്കാനെത്തുന്നുണ്ട്. ആവശ്യക്കാർ ഏറുന്നതിനനുസരിച്ച് ഇനിയും പുതിയ കണ്ടെത്തലുകൾക്ക് ഒരുങ്ങിയിരിക്കുകയാണെന്നാണ് തട്ടുകട തൊഴിലാളികൾ പറയുന്നത്. ഭാഷാ വൈവിധ്യം പോലെ ഭക്ഷണത്തിലുമുണ്ട് കാസർകോടൻ വൈവിധ്യം. ചിക്കൻസുക്ക, പള്ളിക്കറി, നെയ്‌പത്തൽ, ബൻസ്, ഗോലിബജെ, പുണർപുളി ജ്യൂസ് തുടങ്ങി വിവിധയിനം ഭക്ഷണങ്ങൾ ഇവിടെയെത്തുന്നുണ്ട്. Read on deshabhimani.com