ബംഗാൾ എഫ്‌സി ടു കുന്നൂച്ചി... നാടൻകളിയുമായി 
വിഷ്‌ണു ഗ്രൗണ്ടിൽ

കുന്നൂച്ചി സഫ്‌ദർ ഹാഷ്‌മി ഗ്രൗണ്ടിൽ കളി കാണാനെത്തിയ ജനപ്രതിനിധികളടക്കമുള്ളവർ വിഷ്‌ണുവിനൊപ്പം


  കാസർകോട്‌ ഇന്ത്യൻ ഫുട്‌ബോൾ താരം പി വി വിഷ്ണു നാട്ടിൽ എത്തിയതിന്റെ സന്തോഷത്തിലാണ്‌ കുന്നൂച്ചിയിലെ നാട്ടുകാർ. പ്രമുഖ ഫുട്‌ബോൾ ക്ലബായ ഈസ്റ്റ്‌ ബംഗാൾ എഫ്‌സിയുടെ കളിക്കാരനാണ്‌ വിഷ്ണു. വിവിധ മത്സരങ്ങൾക്കും പരിശീലനത്തിനും ഇടയിൽ കിട്ടിയ അവസരത്തിലാണ്‌ വിഷ്‌ണു നാട്ടിലെത്തിയത്‌. നാട്ടിലാണെങ്കിലും വിഷ്ണു വിശ്രമിക്കാൻ ഒരുക്കമല്ല. കുന്നൂച്ചിയിലെ സഫ്‌ദർ ഹഷ്മി ക്ലബിന്‌ മുമ്പിലുള്ള ഗ്രൗണ്ടിൽ നാട്ടിലെ കൂട്ടുകാർക്കൊപ്പം മുമ്പത്തെപ്പൊലെ വൈകീട്ട്‌ ബൂട്ടണിഞ്ഞിറങ്ങും. വിഷ്ണുവിന്‌ അത്രയും പ്രിയപ്പെട്ട ഒരിടമാണ്‌ കുന്നൂച്ചിയിലെ സഫ്‌ദർ ഹഷ്മി ക്ലബ്‌. മൂന്നാം വയസിൽ ഇതേ ഗ്രൗണ്ടിൽനിന്നാണ്‌ കളിയുടെ ആദ്യ പാഠങ്ങൾ പഠിച്ചത്‌. അന്ന്‌ ഗ്രൗണ്ടിൽ കളിക്കുന്നവരെ അത്ഭുതത്തോടെ നോക്കിനിന്നു. പിന്നീട്‌ അതേ ക്ലബിന്‌ വേണ്ടി സെവൻസും ഫൈവ്‌സും കളിക്കാൻ തുടങ്ങി. വിഷ്ണു എന്ന രാജ്യാന്തര താരത്തിന്റെ  തുടക്കവും അവിടന്നുതന്നെ. പെരിയ ഹയർസെക്കൻഡറി സ്കൂളിലും പയ്യന്നൂർ കോളേജിലുമാണ്‌ പഠനം പൂർത്തിയാക്കിയത്‌. അപ്പോഴെല്ലാം ഫുട്‌ബാളിനെ ചേർത്തു പിടിച്ചു. കേരള പ്രീമിയർ ലീഗ്‌ മത്സരങ്ങളിൽ കഴിവും തെളിയിച്ചു. അങ്ങനെയാണ്‌ ഇന്ത്യൻ സൂപ്പർ പ്രീമിയർ ലീഗിൽ ഈസ്റ്റ്‌ ബംഗാൾ എഫ്‌സിയിലേക്ക്‌ എത്തുന്നത്‌. കഴിഞ്ഞ ഐഎസ്‌എൽ ടൂർണമെന്റിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട്‌ നടന്ന കളിയിൽ വിഷ്ണു നേടിയ ‘ടാപ്‌ഇൻ’ ഗോൾ ഏറെ പ്രശംസ ടേി.  കളിയിൽ ടീം തോറ്റെങ്കിലും സുപ്രധാന നിമിഷത്തിൽ നേടിയ ഗോൾ ഏറെ ചർച്ചയായി. 2023ൽ മലേഷ്യയുമായി കളിച്ചതാണ്‌ ആദ്യ രാജ്യാന്തര മത്സരം. കുന്നൂച്ചിയിൽ വിഷ്ണുവിനൊപ്പം കളിക്കുന്നവരിൽ പലരും മികച്ച കളിക്കാരാണ്‌. അവരെയും ഫുട്‌ബോളിന്റെ വലിയ ലോകത്തേക്ക്‌ കൈപിടിച്ചുയർത്തണമെന്നാണ്‌ വിഷ്ണുവിന്റെ ആഗ്രഹം. നാട്ടിലെ ചെറിയ അവധിക്കുശേഷം തുടർ പരിശീലനത്തിനായി ശനിയാഴ്‌ച കൊൽക്കത്തയിലേക്ക്‌ മടങ്ങും. കുന്നൂച്ചിയിലെ പി വി നിവാസിൽ ദിവാകരന്റെയും സത്യഭാമയുടെയും മകനാണ്‌. വിപിൻ, വരുൺ എന്നിവർ സഹോദരങ്ങൾ.    Read on deshabhimani.com

Related News