അതുല്യ കണ്ടു 3 പുലികളെ ഒന്നിച്ച്
മുള്ളേരിയ കാറഡുക്ക കാടകം കൊട്ടംകുഴിയിൽ മൂന്ന് പുലികൾ ഒന്നിച്ച് ജനവാസ മേഖലയിൽ. ബോവിക്കാനത്തുനിന്ന് സ്വകാര്യ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ്ടു വിദ്യാർഥി പി വി അതുല്യയാണ് പുലികളെ കണ്ടത്. രണ്ട് വലിയതും ഒരു ചെറിയ പുലിയും തൊട്ടു മുന്നിൽ വന്നെന്ന് അതുല്യ പറഞ്ഞു. ഒരാഴ്ച മുമ്പ് കൊട്ടംകുഴിയിലെ യശോദ രണ്ട് പുലികളെ ഒന്നിച്ച് കണ്ട സ്ഥലത്ത് നിന്ന് അല്പം മാറിയാണ് മൂന്ന് പുലികളെ കണ്ടത്. അതുല്യയുടെ അമ്മ കൃഷ്ണ ഇതിന് മുമ്പ് പുലിയെ കണ്ടിരുന്നു. ആദ്യം പുലിയെ കണ്ടെന്ന് പറഞ്ഞപ്പോൾ ആളുകൾ പരിഹസിച്ചെന്നും ഇപ്പോൾ നാടാകെ പുലിഭീതിയിലായെന്നും കൃഷ്ണ പറഞ്ഞു. നായയ്ക്ക് കടിയേറ്റു കാനത്തൂർ നെയ്യങ്കയത്തെ കെ ഗംഗാധരൻ നായരുടെ വീട്ടിലെ നായയ്ക്ക് കടിയേറ്റത്തിന് പിന്നാലെ എരിഞ്ഞിപ്പുഴ അരമനടുക്ക ശംഭു ഭട്ടിന്റെ നായയ്ക്കും കടിയേറ്റു. പേടിച്ച നായ വീട്ടിനകത്ത് നിന്ന് പുറത്തിറങ്ങുന്നില്ലെന്ന് കർഷകനായ ശംഭു ഭട്ട് പറയുന്നു. നിലവിളിക്കാനും വയ്യാത്ത അവസ്ഥ സാധാരണ ക്ലാസ് കഴിഞ്ഞ ശേഷം ട്യൂഷൻകൂടി കഴിഞ്ഞാൽ വൈകിട്ട് ആറിനാണ് വീടെത്തുക. ഞായറാഴ്ച നേരത്തെ ഇറങ്ങി. കൊട്ടംകുഴി- കർമംതോടി റോഡിൽ നിന്നിറങ്ങി അൽപ്പം പിന്നിട്ടപ്പോൾ മൂന്ന് പുലികളെ ഒന്നിച്ച് കണ്ടു. രണ്ട് വലുതും ഒരു ചെറിയതുമായിരുന്നു. നിലവിളിക്കാനും വയ്യാത്ത അവസ്ഥയായിരുന്നു. വന്ന വഴിയേ തിരിച്ചു വന്നു കുറെ ചുറ്റി സഞ്ചരിച്ചുള്ള മറ്റൊരു വഴിയിലൂടെയാണ് വീടെത്തിയത്. - Read on deshabhimani.com