യുവ വൈദികന്റെ ദാരുണാന്ത്യം: ഞെട്ടൽ മാറാതെ നാട്
മുള്ളേരിയ യുവ വൈദികന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ നാട്. സ്വാതന്ത്യദിനത്തിൽ വൈകിട്ട് ദേശീയപതാക താഴ്‌ത്തുന്നതിനിടെയാണ് മുള്ളേരിയ ഇൻഫന്റ് സെന്റ് ജീസസ് ചർച്ചിലെ വികാരി ഫാ. മാത്യു കുടിലിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. സ്വാതന്ത്ര്യദിനത്തിൽ രാവിലെ പതാകയുയർത്തി സന്ദേശവും നൽകി പിരിഞ്ഞതാണ് 29 കാരനായ ഫാദർ. വൈകിട്ട് അധിക ചുമതലയുണ്ടായിരുന്ന ദേലംപാടി പള്ളിയിലുമെത്തി. കൃത്യസമയത്ത് പതാക അഴിച്ച് വയ്‌ക്കാനായി ധൃതിയിൽ വാഹനം ഓടിച്ച് വൈകിട്ട് ആറോടെ മുള്ളേരിയയിലെ പള്ളി മുറ്റത്തെത്തി. ഹൈടെൻഷൻ ഉൾപ്പെടെയുള്ള ലൈനുകൾ കൊടിമരത്തിനും പള്ളിക്കും ഇടയിലുണ്ടായിരുന്നു. പതാക താഴ്ത്താനായി ശ്രമിക്കവെ കയറിൽ കുരുക്ക് വന്നു. കുരുക്കഴിക്കാൻ കഴിയാതെ വന്നപ്പോൾ കൂടെയുണ്ടായിരുന്ന അസി. വികാരി സെബിൻ ജോസഫ് കസേര കൊണ്ടുവന്നു. അതിന് മുകളിൽ കയറി അഴിക്കാൻ ശ്രമിച്ചു. സാധിക്കാതെ വന്നപ്പോൾ കൊടിമരം ഊരിയെടുക്കാൻ ശ്രമിച്ചു. ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ അത് വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. തൽക്ഷണം ഫാദർക്ക് ഷോക്കേൽക്കുകയും കൂടെയുണ്ടായിരുന്ന അസി. വികാരി ദൂരേക്ക് തെറിക്കുകയുംചെയ്‌തു. ഫാ. മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അസി. വികാരി മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നര വർഷം മുമ്പാണ് മാത്യൂ കുടിലിൽ മുള്ളേരിയയിൽ വികാരിയായി ചുമതലയേറ്റത്. ഈ കാലയളവിൽ വലിയ സുഹൃദ് ബന്ധങ്ങളുണ്ടാക്കി. മുള്ളേരിയ ടൗണിൽ പതിവായി വരികയും പുഞ്ചിരിച്ച മുഖവുമായി ആളുകളോട് സംസാരിക്കുന്ന ഫാദറെ ആർക്കും മറക്കാനാവില്ല. വിവിധ മതവിഭാഗങ്ങളിൽപെട്ട വൻ ജനാവലി അദ്ദേഹത്തെ അവസാനമായി കാണാനെത്തി. കുടിയാന്മല, നെല്ലിക്കാംപൊയിൽ, ചെമ്പത്തൊട്ടി എന്നിവിടങ്ങളിൽ അസി. വികാരിയായി പ്രവർത്തിച്ച ശേഷമാണ് മുള്ളേരിയയിലെത്തിയത്. കർണാടക പുത്തൂർ സെന്റ് ഫിലോമിന കോളജിൽ എംഎസ്ഡബ്ല്യു വിദ്യാർഥികൂടിയാണ് അദ്ദേഹം. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യൂ തുടങ്ങിയവർ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളി പുലർച്ചെ മൂന്നോടെ കരുവഞ്ചാലിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച എടൂരിലെ വീട്ടിലേക്കുകൊണ്ടുപോയ ശേഷം പള്ളിയിൽ അടക്കം ചെയ്യും. Read on deshabhimani.com