ടിക്കറ്റെടുക്കാതെ യാത്ര; ഒടുവിൽ ട്വിസ്‌റ്റ്
കാഞ്ഞങ്ങാട് ടിക്കറ്റെടുക്കാതെ ട്രെയിനിൽ യാത്ര ചെയ്‌ത മൂന്നുപേരെ ടിക്കറ്റ് പരിശോധകൻ കാഞ്ഞങ്ങാട്ട് ഇറക്കി പൊലീസിൽ ഏൽപിച്ചു. പൊലീസ് ചോദ്യം ചെയ്‌തപ്പോൾ, കൂട്ടത്തിലെ ആൺകുട്ടിയും പെൺകുട്ടിയും ഇടുക്കിയിൽനിന്ന് ഒന്നിച്ച് സ്ഥലം വിട്ടതാണെന്ന് കണ്ടെത്തി. പിന്നാലെ ഇടുക്കി പൊലീസെത്തി ഇവരെ നാട്ടിലേക്ക് കൊണ്ടുപോയി. കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന തിരുപ്പൂരുകാരനെ കുഴപ്പക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയും ചെയ്‌തു. ഇടുക്കി ജില്ലയിലെ ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 18 കാരനെയും ദേവികുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെയുമാണ് ടിടിആർ ടിക്കറ്റില്ലെന്ന് മനസിലാക്കി ഇറക്കിവിട്ടത്. മംഗളൂരുവിൽനിന്ന് വരുകയായിരുന്നു ഇവർ. നാലുദിവസം മുമ്പാണ് ഇവരെ കാണാതായത്. ഇരുവരുടെയും രക്ഷിതാക്കളുടെ പരാതിയിൽ ശാന്തൻപാറ, ദേവികുളം പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചിരുന്നെങ്കിലും ഫോൺ സ്വിച്ച് ഓഫായതിനാൽ, ഇവർ എവിടയുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ഇവരെ കാഞ്ഞങ്ങാട്ട് കണ്ടെത്തുന്നത്. പണമില്ലാത്തതുകൊണ്ടാണ് ടിക്കറ്റെടുക്കാതിരുന്നതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ട്രെയിൻ മാർഗം മംഗളൂരുവിലെത്തിയ ആൺകുട്ടിയും സുഹൃത്തും രണ്ടുദിവസം അവിടെ തങ്ങി. കൈയിലുണ്ടായിരുന്ന പണം തീർന്നതോടെ, ഇവർ മംഗളൂരുവിൽനിന്ന് തിരുപ്പൂർ സ്വദേശിയെ പരിചയപ്പെട്ടു. അയാൾ ഭക്ഷണം വാങ്ങിക്കൊടുത്തു. തിരുപ്പൂരിലേക്ക് വന്നാൽ ജോലി വാങ്ങിത്തരാമെന്ന് ഉറപ്പുംനൽകി. തുടർന്ന് മൂന്നുപേരും തിരുപ്പൂർക്ക് ട്രെയിൻ കയറി. ഇതിനിടയിലാണ് ടിടിആർ വരുന്നതും കാഞ്ഞങ്ങാട്ട് ഇറക്കിവിടുന്നതും. ഉപദ്രവിച്ചിട്ടില്ലെന്ന് വ്യക്തമായതിനാൽ തിരുപ്പൂർ സ്വദേശിയെ ഹൊസ്ദുർഗ് പൊലീസ് വിട്ടയച്ചു. കുട്ടികളെ ഇടുക്കി പൊലീസ് കാഞ്ഞങ്ങാട്ടെത്തി കൂട്ടിക്കൊണ്ടുപോയി. Read on deshabhimani.com