ബളാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലും ഓഫീസിലും വിജിലൻസ് പരിശോധന



വെള്ളരിക്കുണ്ട്  അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവും ബളാൽ പഞ്ചായത്ത് പ്രസിഡന്റുമായ രാജു കട്ടക്കയത്തിന്റെ  മാലോത്തെ വീട്ടിലും പഞ്ചായത്ത് ഓഫീസിലും വിജിലൻസ് പരിശോധന. കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ 30 പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. മാലോത്തെ വീട്ടിൽ രാവിലെ ഏഴിന്‌ തുടങ്ങിയ പരിശോധന വൈകിട്ട് അഞ്ചോടെയാണ് അവസാനിച്ചത്. പഞ്ചായത്ത് ഓഫീസിലെ പരിശോധന പകൽ രണ്ടോടെ അവസാനിച്ചു. വീട്ടിൽനിന്നും സ്ഥലത്തിന്റെ ആധാരം, മൊബൈൽ ഫോൺ, നിരവധി രേഖകൾ എന്നിവ പിടിച്ചെടുത്തു. പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്റിന്റെ ഓഫീസിൽനിന്നും നിരവധി രേഖകൾ കണ്ടെടുത്തു. കാൽ നൂറ്റാണ്ടായി  പഞ്ചായത്ത് ഭരണത്തിൽ രാജു കട്ടക്കയമുണ്ട്. വൻ പൊലീസ് സംഘം മാലോത്തെ വീട്ടിൽ ക്യാമ്പ് ചെയ്തിരുന്നു.  വിജിലൻസ് സംഘം വെള്ളിയാഴ്ച വൈകിട്ട് തന്നെ പയ്യന്നൂരിലെത്തി ക്യാമ്പ് ചെയ്തു. ശനി പുലർച്ചെ മാലോത്തെ  വീട്ടിലെത്തി.  ലഭിച്ച രേഖകൾ  വിശദ പരിശോധനയ്ക്ക് വിധേയമാക്കും. നാണംകെട്ട്‌ കോൺഗ്രസ്‌ വെള്ളരിക്കുണ്ട്   കാൽ നൂറ്റാണ്ട് കാലം ബളാൽ പഞ്ചായത്ത്‌ ഭരണത്തെ നിയന്ത്രിച്ച രാജു കട്ടക്കയത്തിന്റെ വീട്ടിൽ  നടന്ന വിജിലൻസ്‌ പരിശോധനയിൽ ജാള്യം മറയ്ക്കാൻ ഉരുണ്ടുകളിച്ച്‌  കോൺഗ്രസ് നേതൃത്വം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ്‌ പരിശോധന നടത്തിയത്‌.  പരാതി ലഭിച്ചാൽ അന്വഷണം നടത്തുക സ്വാഭാവികം. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് പരിശോധന എന്നാണ് ഒരു വിഭാഗം കോൺഗ്രസുകാർ പറയുന്നത്. രാജു കട്ടക്കയത്തിന്റെ ഗ്രൂപ്പുകാർ ഇതിന്റെ പേരിൽ  പ്രകടനവും നടത്തി. എന്നാൽ  പഞ്ചായത്തിലെ തലമുതിര്‍ന്ന നേതാക്കളെയെല്ലാം ഒതുക്കി കയറിവന്ന രാജ കട്ടക്കയത്തിന്റെ വളർച്ചയെക്കുറിച്ച് കോൺഗ്രസുകാർതന്നെ പിറുപിറുക്കുന്നുണ്ട്. കാൽ നൂറ്റാണ്ട് മുമ്പുള്ള രാജുവിന്റെ അവസ്ഥയും ഇപ്പോഴത്തേതും അവർ താരതമ്യം ചെയ്യുന്നു.  വിജിലൻസ് പിടിച്ചെടുത്ത രേഖകളുടെ പരിശോധന കഴിയുന്നതോടെ കൂടുതൽ തെളിവെടുപ്പ്  ഉണ്ടാവും. ഉണ്ടാക്കിയ സമ്പാദ്യങ്ങളുടെ കൃത്യമായ കണക്ക്  പറയേണ്ടിവരും. ബിനാമി ഇടപാടുകളുണ്ടോ എന്ന പരിശോധനയും വേണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു. Read on deshabhimani.com

Related News