കൊടവലം പാലത്തിന് 3 കോടിയുടെ ഭരണാനുമതി
പുല്ലൂർ പുല്ലൂർ-– പെരിയ പഞ്ചായത്തിലെ പട്ടർ കണ്ടത്ത് കൊടവലം പാലം നിർമാണത്തിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി. സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ ഇടപെടലിനെ തുുടർന്ന് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പാലത്തിന്റെ ടെണ്ടർ നടപടിയായി. എൽബിഎസ് കോളേജിന്റെ എൻജിനീയറിങ് വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നിലവിൽ 2.7 കോടി രൂപയുടെ സാങ്കേതികാനുമതിയാണുള്ളത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ വികസന പദ്ധതിയിലുൾപ്പെടുത്തി 2016ലാണ് പാണത്തൂർ സംസ്ഥാന പാതയെയും പെരിയ ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന റോഡ് നിർമിച്ചത്. മൂന്നുകോടി രൂപയാണ് ഇതിന് ചെലവഴിച്ചത്. എന്നാൽ കൊടവലം തോടിന് പട്ടർകണ്ടത്ത് പാലം നിർമിക്കുന്നതിന് തുക അനുവദിച്ചില്ല. എസ്റ്റിമേറ്റ് തയ്യാറാക്കിയതിലെ അപാകമാണ് കാരണമെന്ന് ആക്ഷേപമുയർന്നു. റോഡ് പൂർത്തികരിക്കാൻ സാധിച്ചുവെങ്കിലും പാലം നിർമിക്കാത്തതിനാൽ റോഡുകളെ ബന്ധിപ്പിക്കാനായില്ല. രണ്ടുഭാഗത്തുമായി നാലര കിലോ മീറ്റർ ദൂരമാണ് ടാർ ചെയ്തത്. പാലമില്ലാത്തത് മൂന്നാം മൈൽ–- പെരിയ റോഡിലെ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. മഴക്കാലത്ത് കൊടവലം തോടിൽ കവുങ്ങിൻതടി ഉപയോഗിച്ച് നാട്ടുകാർ താൽക്കാലിക പാലമുണ്ടാക്കും. സ്കൂൾ കുട്ടികൾ അടക്കം ഈപാലത്തിലൂടെയാണ് പോകുന്നത്. ഈ യാത്ര അപകടം നിറഞ്ഞതാണ്. പാലം യാഥാർഥ്യമാകുമ്പോൾ പാണത്തൂർ റോഡിൽ നിന്ന് കാസർകോട്ടേക്കുള്ള യാത്രക്ക് 12 കിലോ മീറ്റർ ദൂരമായി കുറയും. പാലം നിർമിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. Read on deshabhimani.com