മുട്ടോംകടവിൽ വന വിദ്യാലയം തുറന്നു
വെള്ളരിക്കുണ്ട് കോട്ടഞ്ചേരിയുടെ അടിവാരത്ത് മുട്ടോംകടവിൽ വന വിദ്യാലയം തുറന്നു. കരിന്തളം ഗോപിനാഥന്റെ സ്മരണയ്ക്കായി കുടുംബം നല്‍കിയ രണ്ട് ഏക്കർ സ്ഥലത്താണ് ചൈത്രവാഹിനി പുഴയുടെ കൈവഴിയായി ഒഴുകുന്ന തോടിന് സമീപം പ്രകൃതി പഠന സഹവാസ കേന്ദ്രം ഒരുങ്ങിയത്. ഒരേ സമയം 70 പേർക്ക് ഇവിടെ താമസിച്ച് പഠനം നടത്താം. 1979 മുതൽ സീക്കിന്റെ നേതൃത്വത്തിൽ കോട്ടഞ്ചേരി വനത്തിൽ കുട്ടികൾക്കുള്ള പ്രകൃതി പഠന ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിലും അതിനെ സഹവാസ ക്യാമ്പാക്കാൻ സാധിച്ചില്ല. ഭൂമി സൗജന്യമായി ലഭിച്ചതോടെയാണ് കെട്ടിടം എന്ന സ്വപ്നം പൂവണിഞ്ഞത്. പ്രകൃതിയെ അറിയാനെത്തുന്നവർക്ക് വഴികാട്ടാൻ വിവിധ മേഖലയിലെ വിദഗ്‌ധർ ഇവിടെ ഉണ്ടാവും. വന വിദ്യാലയം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സീക്ക് ഡയറക്ടർ ടി പി പത്മനാഭൻ അധ്യക്ഷനായി. സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സീനിയർ സയന്റിസ്റ്റ് ജാഫർ പാലോട്ട്, പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, റിട്ട. സിആർപിഎഫ് ഐജി കെ വി മധുസൂദനൻ, കെ മദനഗോപാലൻ, കെ കെ നാരായണൻ, മോൻസി ജോയി, പി സി രഘുനാഥൻ,ബിൻസി ജയിൻ, ടി പി തമ്പാൻ, കെ വി കൃഷ്ണൻ, കെ എസ് രമണി,എ ടി ബേബി, ഇ എസ് ബെന്നി എന്നിവർ സംസാരിച്ചു. സീക്ക് പ്രസിഡന്റ് സി രാജൻ സ്വാഗതവും ഷാജിമോൻ ജോസഫ് നന്ദിയും പറഞ്ഞു. Read on deshabhimani.com