നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ആദ്യഘട്ട സാധ്യതാപഠനം പൂർത്തിയായി



 കാസർകോട്‌ ‘നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ’ ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷൻ സംഘടിപ്പിച്ച ഊർജ ഓഡിറ്റും സൗരോർജ സാധ്യതാ പഠനവും ജില്ലയിൽ ആദ്യഘട്ടം പൂർത്തിയായി.  ജില്ലയിൽ പിലിക്കോട്, തൃക്കരിപ്പൂർ, വലിയപറമ്പ, ചെറുവത്തൂർ, കിനാനൂർ കരിന്തളം, പുത്തിഗെ, മടിക്കൈ, പുല്ലൂർ പെരിയ, ദേലംപാടി, ബേഡഡുക്ക, മുളിയാർ എന്നീ 11 പഞ്ചായത്തുകളിലെ സർക്കാർ ഓഫീസുകളിലാണ്‌  ക്യാമ്പയിൻ നടത്തിയത്. ഇവിടത്തെ 194 സ്ഥാപനങ്ങളിൽ ഓഡിറ്റ് പൂർത്തിയായി.   പരിസ്ഥിതിയെ ബാധിക്കുന്ന ഹരിതവാതകങ്ങളായ കാർബൺ ഡൈ ഓക്‌സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവയുടെ ബഹിർഗമനം നിയന്ത്രിക്കാനും കാർബൺ തുലിതാവസ്ഥ കൈവരിക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയാണിത്‌. ഹരിതകേരളം മിഷനും എനർജി മാനേജ്‌മെന്റ് സെന്ററും വേൾഡ് റിസോഴ്‌സ് സെന്ററിന്റെ സഹകരണത്തോടെയാണ് സർവെ പൂർത്തീകരിച്ചത്.   ഹരിതകേരളം മിഷൻ ആർപി, ഇന്റേൺസ്, എൽബിഎസ് എൻജിനീയർ കോളേജിലെ അഞ്ച് വിദ്യാർഥികൾ എന്നിവർ ചേർന്നാണ് ഓഡിറ്റ് നടത്തിയത്.    സമഗ്ര ജലസംരക്ഷണ പദ്ധതി തയ്യാറാക്കും  കാസർകോട്‌ സമഗ്ര ജലസംരക്ഷണ പദ്ധതി തയ്യാറാക്കാനുള്ള കർമ്മപരിപാടികൾ തയ്യാറാക്കാൻ ഹരിതകേരളം മിഷൻ ജില്ലാ സാങ്കേതിക സമിതി യോഗം തീരുമാനിച്ചു. ജില്ലയിൽ 38 പഞ്ചായത്തും മൂന്ന് നഗരസഭകളും ജലബജറ്റ് തയ്യാറാക്കിയതിന്റെ തുടർച്ചയായി ജലസഭകൾ ചേർന്ന് ജലസുരക്ഷാപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ബ്ലോക്ക്തലത്തിൽ ക്രോഡീകരിച്ച്‌ ബ്ലോക്ക് പഞ്ചായത്ത്തല ജലബജറ്റും പൂർത്തിയായി. ഇവയുടെ തുടർച്ചയായി ജില്ലാതലത്തിൽ സമഗ്ര ജലസംരക്ഷണ പദ്ധതി തയ്യാറാക്കാനുള്ള കർമ്മപരിപാടികൾ തയ്യാറാക്കി. ഇവ പരിശോധിക്കുന്നതിനായി   31 നുള്ളിൽ ബ്ലോക്ക്തല സാങ്കേതിക സമിതികളും ആഗസ്‌ത്‌ പത്തിനുള്ളിൽ  പഞ്ചായത്ത് നഗരസഭാ തല സാങ്കേതിക സമിതികളും വിളിച്ചുചേർക്കും.  എക്‌സിക്യുട്ടീവ് എൻജിഞ്ചിനിയർ പി ടി സഞ്ജീവ്‌ അധ്യക്ഷനായി.  നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ ആമുഖഭാഷണം നടത്തി. പ്രിൻസിപ്പൽ കൃഷി ഓഫീസർ രാഘവേന്ദ്ര, ജലസേചനവകുപ്പ് എൻജിനിയർ പി സന്തോഷ് കുമാർ, ഭൂജല ജില്ലാ ഓഫീസർ അരുൺദാസ്, ഭൂജലവകുപ്പ് ജൂനിയർ ഹൈട്രോജിയോളജിസ്റ്റ് മുഹമ്മദ് ഫൈസൽ,  തൊഴിലുറപ്പ് പദ്ധതി ജില്ലാ എൻജിനിയർ ടി വി വിദ്യ  എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News