സെക്യൂരിറ്റി ജീവനക്കാരന്റെ 
മൊബൈല്‍ ഫോണ്‍ കവര്‍ന്ന യുവാവ്‌ പിടിയിൽ



കാഞ്ഞങ്ങാട്  കാഞ്ഞങ്ങാട്‌ സ്വകാര്യകെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ വയനാട് സ്വദേശി അറസ്റ്റിൽ.  കാഞ്ഞങ്ങാട്ടെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരൻ അമ്പലവയൽ വികാസ് കോളനിയിലെ അബ്ദുൾ ആബിദിനെ (27)യാണ് ഹൊസ്ദുർ​ഗ് ഇൻസ്പെക്ടർ പി അജിത്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് പഴയ കൈലാസ് തിയറ്റർ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാനായ ബല്ലയിലെ എം സുരേഷിന്റെ  മൊബൈൽ ഫോണാണ് കഴിഞ്ഞ ദിവസം കവർന്നത്. കെട്ടിടത്തിൽ കയറി സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ മേശയ്‌ക്ക്‌  മുകളിൽ ചാർജ്  ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോണുമായി മോഷ്ടാവ്‌  കടന്നുകളയുകയായിരുന്നു. സുരേഷിന്റെ പരാതിയിൽ ഹൊസ്ദുർ​ഗ് പൊലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോൾ ഫോൺ തിരൂരിൽ ഉള്ളതായി കണ്ടെത്തി. ഫോൺ കൈവശമുണ്ടായിരുന്ന ആളെ  ചോദ്യം ചെയ്തപ്പോൾ  തനിക്ക് ഒരാൾ വിൽപ്പന നടത്തിയതാണെന്ന് വെളിപ്പെടുത്തി.  ഫോണിൽനിന്ന് കാഞ്ഞങ്ങാട്ടെ ഒരു വസ്ത്രാലയത്തിലെ ജീവനക്കാരെ യുവാവ് നിരന്തരം ബന്ധപ്പെട്ടതായി സൈബർ സെൽ കണ്ടെത്തി. ഫോൺ മോഷ്ടിച്ചത് ഈ വസ്ത്രാലയത്തിലെ ജീവനക്കാരനായ അബ്ദുൾ ആബിദാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ജോലിക്കെത്തിയ പ്രതിയെ  അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുമ്പ്   പുതിയകോട്ടയിലെ ഒരു വീട്ടിൽ നിന്ന് 4000 രൂപ വില വരുന്ന ചെരുപ്പ് മോഷ്ടിച്ചതും ആബിദാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.  യുവാവിനെതിരെ കോഴിക്കോട്ടും കവർച്ചാക്കേസുണ്ട്. Read on deshabhimani.com

Related News