കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോട്‌ അനീതി എന്തിന്‌



 സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്  യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപന്തിയിലുള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ വരുമാനം കുറച്ചുകാണിച്ച് സൗകര്യം പരിമിതപ്പെടുത്താൻ റെയിൽവേ ഉന്നതതലത്തിൽ ആസൂത്രിത നീക്കം. സ്‌റ്റേഷനിൽ ഒരേ സമയം രണ്ട് ടിക്കറ്റ് കൗണ്ടർ ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നാക്കി. തൽസമയ ടിക്കറ്റ്‌ നൽകാനും റിസർവേഷനുമായി ഒരു കൗണ്ടർ മതിയെന്നതാണ് പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥന്റെ  നിർദ്ദേശം.    രാവിലെ തൽകാൽ ടിക്കറ്റ്‌ നൽകാൻ മാത്രമാണ്  രണ്ടാം കൗണ്ടർ ഉപയോഗിക്കുന്നത്‌.   തൽസമയ ടിക്കറ്റുകൾക്ക് എടിവിഎം മെഷീൻ ഉപയോഗപ്പെടുത്തണമെന്നാണ് നിർദ്ദേശം. വിരമിച്ച ഉദ്യോഗസ്ഥർക്കാണ്‌ കമീഷൻ അടിസ്ഥാനത്തിൽ സ്റ്റേഷനകത്ത് ടിക്കറ്റ് നൽകാനുള്ള എടിവിഎം മെഷീൻ നൽകുന്നത്. സ്റ്റേഷനിൽ രണ്ട് എടിവിഎം മെഷീനുണ്ട്. രണ്ടാം പ്ലാറ്റ്ഫോമിലും എടിവിഎം മെഷീൻ ഒരുക്കാനാണ്‌  ഇപ്പോൾ നീക്കം. കമീഷൻ ഏജന്റുമാരെ കിട്ടുന്ന മുറക്ക് കൂടുതൽ പേരെ നിശ്ചയിച്ച് യാത്രാ ടിക്കറ്റ്‌ പൂർണമായി എടിവിഎം മുഖേനയാക്കാനാണ്‌ നീക്കം. കൗണ്ടറുകളിൽ ജീവനക്കാരെ കുറയ്ക്കുകയാണത്രെ  ലക്ഷ്യം. ഇൻഫർമേഷൻ കേന്ദ്രം അടച്ച് പൂട്ടി കുറെ ജീവനക്കാരെ കുറച്ചിട്ടുണ്ട്. ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കാതെയും നിലവിലുള്ളവ നിർത്തലാക്കിയും വരുമാനം കുറയ്ക്കാൻ നീക്കമുണ്ട്‌. ആഘോഷവേളകളിൽ ഓടുന്ന സ്പെഷ്യൽ ട്രെയിനുകൾക്കെല്ലാം മുമ്പ്‌ കാഞ്ഞങ്ങാട് സ്റ്റോപ്പുണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ   തൊട്ടടുത്ത മറ്റൊരു സ്റ്റേഷനിലാണ് സ്റ്റോപ്പ് നൽകിയത്. കോവിഡ് കാലത്ത് നിർത്തിയ മംഗള എക്സ്പ്രസ്സിന്റെ സ്റ്റോപ്പും പുനസ്ഥാപിച്ചില്ല.  സ്റ്റോപ്പുകൾ കുറച്ചും സൗകര്യം പരിമിതപ്പെടുത്തിയും യാത്രക്കാരെ  സ്റ്റേഷനിൽ നിന്നകറ്റി വരുമാനം കുറയ്ക്കുന്ന നീക്കമാണ്‌  നടപ്പാക്കുന്നത്.   പ്രതിഷേധം കനക്കുന്നു    കാഞ്ഞങ്ങാട്‌  സ്‌റ്റേഷനോട്‌ അധികൃതർ കാട്ടുന്ന അവഗണനയിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി പരിഹരിക്കേണ്ട  രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മൗനത്തിലാണ്‌. കാഞ്ഞങ്ങാടിനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന്‌  കാഞ്ഞങ്ങാട് നഗര വികസനസമിതി ജനറൽ കൺവീനറും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ സി കെ ആസിഫ് പറഞ്ഞു. വരുമാനത്തിനനുസൃതമായി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പകരം ഉള്ളതു പോലും നിഷേധിക്കുന്നത് അനീതിയാണെന്ന്‌  റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ടി മുഹമ്മദ് അസ്ലം പറഞ്ഞു.   Read on deshabhimani.com

Related News