പഴമയിലേക്ക് നടന്ന് ചായക്കട ചർച്ച
ചീമേനി കാക്കടവിലെ ഭാസ്‌കരേട്ടന്റെ ചായക്കടയിൽ ചായക്കുള്ള വെള്ളം വിറകടുപ്പിൽ തിളക്കുന്നുണ്ടായിരുന്നു. അതിനേക്കാൾ ചൂടുള്ള ചർച്ച പീടികത്തിണ്ണയിൽ. നാട്ടു വർത്തമാനങ്ങളും രാഷ്‌ട്രീയം പറച്ചിലുമെല്ലാം മുഴങ്ങിക്കേട്ടു. പുരോഗമന കലാസാഹിത്യ സംഘം ചീമേനി ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഭാസ്കരേട്ടന്റെ ചായക്കട പരിപാടിയാണ് ജനങ്ങളുടെ സംവാദങ്ങൾക്കും നാട്ടുവർത്തമാനത്തിനും വേദിയായത്. കാക്കടവ് എന്ന പേര് വരാൻ ഇടയാക്കിയ സംഭവം മുതൽ കാട്ടിൽനിന്നും കിഴങ്ങ് കഴിച്ച് വിശപ്പടക്കിയതും നാടകം കാണാൻ ചൂട്ടും കത്തിച്ച് നടന്നുപോയതുമെല്ലാം ചായക്കടയിലെത്തിയവർ പങ്കുവച്ചു. വർത്തമാനങ്ങൾക്കിടയിൽ ഭാസ്‌കേരേട്ടൻ ചൂടോടെ ഉണ്ടാക്കി നൽകിയ പഴം പൊരിയും ചായയുമെല്ലാം കഴിച്ചപ്പോൾ വർത്തമാനം കൂടുതൽ ചൂടുപിടിച്ചതായി. ഭൂതകാലത്തിന്റെ ഭക്ഷണ രീതികൾ, അറിവ് നേടാനുള്ള പോരാട്ടം, ഗ്രാമീണ വിശുദ്ധി, പ്രകൃതി സൗന്ദര്യം, പഴയ കാല രാഷ്ട്രീയം എന്നിവയും കുശലാന്വേഷണങ്ങളും പഴയ ചായക്കടയെ സമ്പന്നമാക്കി. മനുഷ്യർ കൂടുതൽ ലളിതമാവുകയും ഉള്ളുതുറന്ന് സംസാരിക്കേണ്ടതിന്റെ ആവശ്യകതയും ചായക്കട പരിപാടി മൂന്നാട്ടുവച്ചു. നാട്ടിൻ പുറങ്ങളിൽ നിന്നും അകന്നുപോയ ചായക്കടയിലെ സംസാരം തിരിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്. സാഹിത്യ നിരൂപകൻ ഇ പി രാജഗോപാലനും സംവാദത്തിൽ പങ്കാളിയായി. Read on deshabhimani.com