ജില്ലാ ആശുപത്രിക്കുമുന്നിൽ മേല്‍നടപ്പാലം നിര്‍മാണം തുടങ്ങി
കാഞ്ഞങ്ങാട് ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിക്ക് മുന്നിലെ തടസത്തിന് പരിഹാരമായി മേൽ നടപ്പാലം നിർമിക്കാനുള്ള പ്രവൃത്തി തുടങ്ങി. കോൺക്രീറ്റ് അടിത്തറയ്ക്കു മുകളിൽ ഉരുക്കുകൊണ്ടുള്ള സ്പാനുകൾ കൂട്ടിയോജിപ്പിച്ചാകും മേൽപ്പാലം നിർമിക്കുക. ഇതോടെ കാൽനടയാത്രക്കാർക്ക് ജില്ലാ ആശുപത്രിക്ക് മുന്നിൽ ഇരുവശങ്ങളിലേക്കും ദേശീയപാതയ്ക്ക് മുകളിലൂടെ കടക്കാൻ വഴിയൊരുങ്ങും. ആശുപത്രിയുടെ വടക്കുഭാഗത്ത് ഒരു കിലോമീറ്ററോളം അകലെ ചെമ്മട്ടംവയലിലും തെക്കുഭാഗത്ത് രണ്ടു കിലോമീറ്റർ അകലെ കൂളിയങ്കാലിലും മാത്രമാണ് വാഹനങ്ങൾക്ക് ദേശീയപാത മുറിച്ചുകടക്കാൻ അടിപ്പാതയുള്ളത്. വൺവേ നിയമം പാലിച്ച് ഇതിൽ ഏതെങ്കിലും ഒന്നിൽ കൂടി മാത്രമേ ഒരു വശത്തേക്കുള്ള വാഹനങ്ങൾക്ക് മറുവശം കടക്കാനാകൂ. ഇത് ആശുപത്രിക്ക് മുന്നിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നും ആംബുലൻസുകളുൾപ്പെടെ ഇതിൽ പെട്ടുപോകാനിടയുണ്ടെന്നും ആശങ്കയുണ്ട്. ഇതിനിടയിൽ മറുവശത്തെ സർവീസ് റോഡിൽ ബസ്സിറങ്ങുന്ന കാൽനടയാത്രക്കാർ എന്തുചെയ്യുമെന്ന സംശയത്തിനാണ് ഇപ്പോൾ ഉത്തരമായത്. വാഹനങ്ങളിൽ എത്തുന്നവർക്കും ഗതാഗതക്കുരുക്കിൽ ചുറ്റിത്തിരിയാൻ നില്ക്കാതെ മറുവശത്തെ സർവീസ് റോഡിലിറങ്ങി മേൽപ്പാലം വഴി നടന്ന് ആശുപത്രിയിലെത്താം. . ഇതോടൊപ്പം മാവുങ്കാലിലും ചെമ്മട്ടംവയലിനും ഇടയിലുള്ള കല്യാൺ റോഡ് ജങ്‌ഷനിലും മേൽ നടപ്പാലം നിർമിക്കാനുള്ള പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് ഇരുവശത്തേക്കും എളുപ്പത്തിൽ കടക്കാനാണ് ഇത്. എന്നാൽ ഇതുവഴിയെത്തുന്ന വാഹനങ്ങൾക്ക് മറുവശം കടക്കണമെങ്കിൽ ചെമ്മട്ടംവയലിലെ അടിപ്പാത വരെ സഞ്ചരിക്കേണ്ടിവരും. ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തണം നാടിന്റെ പൊതുവികാരം മാനിച്ച് ദേശീയപാത അധികൃതർ ജില്ലാ ആശുപത്രിക്കുമുന്നിൽ മേൽനടപ്പാലം നിർമിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹം. ജില്ലാ ആശുപത്രിയിൽ രോഗികളെയും വയോധികരെയുമുൾപ്പെടെ എത്തിക്കാനുള്ള സൗകര്യം മുൻനിർത്തി മേൽപ്പാലത്തിൽ ലിഫ്റ്റ് സൗകര്യവും ലഭ്യമാക്കണം. സ്ട്രച്ചറിലും വീൽചെയറിലുമുൾപ്പെടെ ആളുകളെ ആശുപത്രിയിലെത്തിക്കാൻ ലിഫ്‌റ്റ് അനിവാര്യമാണ്. കെ വി സുജാത, ചെയർപേഴ്‌സൺ, കാഞ്ഞങ്ങാട് നഗരസഭ Read on deshabhimani.com