ചെങ്കൽ മേഖലയിൽ ആശ്വാസം
കാസർകോട് ചെങ്കൽ ഖനനമേഖലയിൽ കാലങ്ങളായി ഉന്നയിക്കുന്ന റോയൽറ്റി, ഗ്യാരണ്ടി തുകയിനത്തിൽ വൻ വെട്ടിക്കുറവ് വരുത്തി സംസ്ഥാന സർക്കാർ. മന്ത്രിസഭായോഗത്തിന്റെ പുതിയ തീരുമാനം, ജില്ലയിലെ ചെങ്കൽ മേഖലയിൽ വലിയ കുതിപ്പുണ്ടാക്കും. നിർമാണ മേഖലയിലും ഗുണംചെയ്യും. ചെങ്കൽ ഖനന മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ പരിഹരിക്കാൻ കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിലാണ് സംസ്ഥാന മന്ത്രിസഭ ഭേദഗതി വരുത്തിയത്. ചെങ്കല്ലിന്റെ (കെട്ടിടത്തിനായി ഉപയോഗിക്കുന്ന വെട്ടുകല്ല്) റോയൽറ്റി നിരക്ക് നിലവിലെ 48 രൂപയിൽനിന്നും 32 രൂപയാക്കി കുറച്ചു. ഈ തുക അടക്കാൻ രണ്ടു തവണകൾ അനുവദിച്ച് ചട്ട ഭേദഗതി വരുത്തും. 2023 ലെ കേരള ചെറുകിട മിനറൽ കൺസഷൻ ചട്ടം 13 ഭേദഗതി ചെയ്ത് കെട്ടിടാവശ്യത്തിനായി കല്ലുകൊത്താൻ ഗ്യാരണ്ടി തുകയും കുറച്ചു. നിലവിലുള്ള രണ്ടുലക്ഷം രൂപയിൽനിന്നും 50,000 ആക്കിയാണ് കുറച്ചത്. കഴിഞ്ഞവർഷം മാർച്ചിലാണ് ഇതിനുമുമ്പ് കേരള മൈനർ മിനറൽ കൺസഷൻ ചട്ടം ഭേദഗതി വരുത്തിയത്. ഇതിനുശേഷം ഉയർന്ന പരാതികൾ പരിശോധിക്കാൻ, ഖനനമേഖലയിലെയും മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി സർക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നു. Read on deshabhimani.com