പാലക്കൊല്ലിയിൽ റോഡിൽ പുലിയെ കണ്ടെന്ന്
വെള്ളരിക്കുണ്ട് ബളാൽ പഞ്ചായത്തിലെ മരുതോം പാലക്കൊല്ലിയിൽ റോഡിൽ പുലിയെ കണ്ടതായി ബൈക്ക് യാത്രക്കാരൻ. ചൊവ്വ രാത്രി എട്ടോടെയാണ് മാലോത്തുനിന്ന് ബൈക്കിൽ കള്ളാറിലേക്ക് പോകവെ മാലോം കണ്ണീർവാടിയിലെ ഇരുപ്പക്കാട്ട് ജെബി ജോൺസണും ഭാര്യയും പാലക്കൊല്ലിയിൽ നടുറോഡിൽ പുലിയെ കണ്ടത്. ഭയന്ന ജെബി ബൈക്കിൽ തിരിച്ച് മാലോത്തേക്ക് തന്നെ പോയി. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. പുലിയെ കണ്ട വിവരം അറിഞ്ഞതോടെ ഈ വഴിയിൽ കൂടി രാത്രിയിൽ വാഹനങ്ങൾ ഓടിയില്ല. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കാൽനടയായും പോകുന്ന വഴിയാണിത്. പുലിയെ കണ്ടതോടെ മരുതോം, ചുള്ളി, പാടി, പുല്ലടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ പേടിയിലാണ്. മുമ്പും ബളാൽ പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ പകലും രാത്രിയിലും പുലിയെ കണ്ടിട്ടുണ്ട്. രണ്ട് വർഷം മുമ്പ് റബർ തോട്ടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഒരിക്കൽ പന്നിക്ക് വച്ച കെണിയിലും കുടുങ്ങി. അടുത്ത ദിവസം ബളാൽ അരീക്കരയിലും സമീപത്തും പുലിയുടെ സാന്നിധ്യമുണ്ടായി. Read on deshabhimani.com