മഴ; തീരാദുരിതം

നീലേശ്വരം കടിഞ്ഞിമൂല ഭാഗത്ത് കരയിടിച്ചിലുണ്ടായ പ്രദേശം


 നീലേശ്വരം/ കാഞ്ഞങ്ങാട്  ജില്ലയിൽ  മഴയ്‌ക്ക്‌ നേരിയ കുറവ്‌ അനുഭവപ്പെട്ടെങ്കിലും ദുരിതത്തിന്‌ അറുതിയായില്ല. തേജസ്വിനി പുഴ കരകവിഞ്ഞതിനെ തുടർന്ന് വ്യാഴം രാത്രി 12 ഓടെ പേരോൽ വില്ലേജിലെ നിരവധി വീടുകളിൽ വെള്ളം കയറി.  പൊടോത്തുരുത്തി, ചാത്തമത്ത് പ്രദേശങ്ങളിൽനിന്ന് 12 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പൊടോത്തുരുത്തിയിലെ അഞ്ചും ചാത്തമത്തെ 7 കുടുംബങ്ങളാണ്  മാറിയത്. ഒരു കുടുംബത്തിലെ 4 പേരെ വെള്ളിയാഴ്‌ച പുലർച്ചെ ചാത്തമത്ത് ആലയിൽ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലെ  ക്യാമ്പിലേക്കും മാറി.  പ്രദേശത്തെ 120 ഓളം വീടുകളിൽ വെള്ളം കയറിയിരുന്നു.    മഴയുടെ ശക്തി കുറഞ്ഞതിനാൽ വീടുകളിൽ നിന്നും വെള്ളം ഇറങ്ങി. നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത, സെക്രട്ടറി കെ മനോജ്, കൗൺസിലർ ടി പി ലത,  വില്ലേജ് ഓഫീസർ മധു കൊടക്കാട് എന്നിവർ സ്ഥലം സന്ദർശിച്ചു.   തഹസിൽദാർ എം മായയുടെ നേതൃത്വത്തിലുള്ള സംഘം  വില്ലേജ്‌ ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു.    മടിക്കൈ  ചാർത്താങ്കാൽ, മണക്കടവ് ബിസിബി കം ബ്രിഡ്ജുകൾ വെള്ളത്തിനടിയിലായതോടെ വാഹന ഗതാഗതം  നിലച്ചു. എരിക്കുളം, നാര, ചാളക്കടവ്, പോത്തംകൈ  പ്രദേശങ്ങളിലുള്ളവർക്ക്‌ പൂത്തക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും മറ്റും എത്താൻ പറ്റാതായി.  വെള്ളിയാഴ്ച വെള്ളം ഇറങ്ങി തുടങ്ങിയതോടെ വൈകിട്ടോടെ  ഗതാഗതം പുനസ്ഥാപിച്ചു. പാറക്കോൽ പാലത്തിന് മുകളിൽ വെള്ളം ഇറങ്ങിയതോടെ  തീരദേശ റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു.   ചിത്താരി  ഇട്ടമ്മലിൽ വീടുകളിൽ വെള്ളംകയറി.    കള്ളാർ കൊള്ളികൊച്ചിയിലെ മാണിക്കന്റെയും കണ്ണന്റെയും വീടിന്റെ മുൻവശം തകർന്നു. വിവിധയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി കമ്പികൾ പൊട്ടി വീണ് രാജപുരം, ബളാംതോട് സെക്ഷൻ പരിധികളിൽ വൈദ്യുതി നിലച്ചു.   Read on deshabhimani.com

Related News