വ്യാജവാർത്തകൾക്കെതിരെ യുവജനപ്രതിഷേധമിരമ്പി
കാഞ്ഞങ്ങാട്- മാധ്യമങ്ങളുടെ വ്യാജവാർത്തകൾക്കെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ യുവജന പ്രതിഷേധമിരമ്പി. വയനാട് ദുരിത ബാധിതർക്ക് ലഭിക്കേണ്ട കേന്ദ്രസഹായം ഇല്ലാതാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്‌ക്കാനും വ്യാജവാർത്ത സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് കാഞ്ഞങ്ങാട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധത കേരളത്തോടുള്ള വിരോധമായി മാറുന്ന രീതിയിലാണ് വാർത്ത സൃഷ്ടിക്കുന്നത്. വയനാട് ദുരന്തത്തിൽ കേന്ദ്രം എന്ത് സഹായം നൽകിയെന്ന് പരിശോധിച്ച് വാർത്തയാക്കേണ്ടതിന് പകരം കേരളത്തിന്റെ ആവശ്യത്തെ തെറ്റായി വ്യാഖ്യാനിച്ച് വ്യാജ വാർത്തയുണ്ടാക്കുകയാണ് ഇവർ. പ്രതിഷേധം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഷാലു മാത്യു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ കനേഷ് എന്നിവർ സംസാരിച്ചു. വി ഗിനീഷ് സ്വാഗതം പറഞ്ഞു. പ്രകടനം കുന്നുമ്മൽ കേന്ദ്രീകരിച്ച് ആരംഭിച്ചു. Read on deshabhimani.com