ട്രാക്ക് തെറ്റി കാഞ്ഞങ്ങാട് റെയിൽവേ വികസനം
കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നടപ്പിലാക്കേണ്ട 18 കോടി രൂപയുടെ വികസന പദ്ധതികൾ ഇപ്പോഴും ചുവപ്പുനാടയിൽ. തുടർ പ്രവർത്തനം നടത്തേണ്ട എംപി ഈ ഭാഗത്ത് തിരിഞ്ഞുനോക്കുന്നുമില്ല. കാഞ്ഞങ്ങാട്ടെ പൊതുസംഘടനകൾ വിവിധ ഘട്ടങ്ങളിലായി നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് റെയിൽവെ സ്റ്റേഷനിൽ 18 കോടിയുടെ വികസന പദ്ധതികൾക്ക് അനുമതി നൽകിയത്. ചിലതിനു തുടക്കമിട്ടെങ്കിലും മിക്കതും പാതിവഴിയിലാണ്. പാർക്കിങ് ഏരിയാ വികസനം, പ്ലാറ്റ് ഫോമിൽ മേൽക്കൂര, റെയിൽവെ സ്റ്റേഷൻ റോഡ് നവീകരണം, ആധുനിക രീതിയിലുള്ള പോർച്ച്, ഐആർസിടിസിയുടെ ഭക്ഷണശാല, ഓവുചാൽ, വടക്കുഭാഗത്ത് മേൽ നടപ്പാലം തുടങ്ങി നിരവധി വികസനപദ്ധതികൾക്ക് അനുമതി ലഭിച്ചിട്ട് ഏറെ നാളായെങ്കിലും തുടർ നടപടിയില്ല. മേൽനടപ്പാലം അത്യാവശ്യം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന്റെ വടക്കുഭാഗത്ത് രണ്ട് റോഡുകളെയും ബന്ധിപ്പിക്കുന്ന റെയിൽവെ മേൽനടപ്പാലം വേണമെന്നത് പ്രധാനപ്പെട്ട ആവശ്യമാണ്. രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ വെയിറ്റിങ് ഹാളും ടിക്കറ്റ് കൗണ്ടറും സ്ഥാപിക്കണമെന്നും പാർക്കിങ് ഗ്രൗണ്ടിന്റെ പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പ്ലാറ്റ് ഫോമിൽ പൂർണമായും ഷെൽട്ടർ സ്ഥാപിക്കണമെന്നും ആർ പിഎഫ് സ്റ്റേഷൻ അനുവദിക്കണം. കോവിഡ് കാലത്ത് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിർത്തലാക്കിയ മൂന്ന് ട്രെയിനുകളുടെ സ്റ്റോപ്പ് ഇനിയും പുന:സ്ഥാപിച്ചിട്ടില്ല. നിലവിലുള്ള റോഡ് വികസിപ്പിക്കുന്നതിന് നഗരസഭാ ഒരുക്കമാണെങ്കിലും റെയിവേ അനുമതി നൽകുന്നില്ല. ബസ് സ്റ്റാൻഡിലേക്ക് പുതിയ റോഡ് നിർമിക്കുകയും അരിമല ആശുപത്രി റോഡിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്താൽ യാത്രക്കാർക്ക് സൗകര്യപ്രദമാകും. വികസനം അട്ടിമറിക്കാന്‍ ശ്രമം: കർമസമിതി കാഞ്ഞങ്ങാട് വരുമാനം കുറച്ചുകാട്ടി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന്റെ വികസനം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്ന് നഗരവികസന കർമസമിതി യോഗം ആരോപിച്ചു. വർഷം 18 കോടിയിലേറെ രൂപ റെയിൽവെക്ക് ഇവിടെ നിന്നും വരുമാനമുണ്ട്. ഇത് പിന്നെയും കുറച്ച് റെയിൽവെ സ്റ്റേഷന്റെ വികസനം തടസപ്പെടുത്തുകയാണ്. വരുമാനം വർധിപ്പിക്കാൻ പ്രധാന ട്രെയിനുകൾക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കണം. നിർദിഷ്ട കാണിയൂർ പാതയുടെ ആസ്ഥാനം കാഞ്ഞങ്ങാട് ആയാൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിലും വർധനവുണ്ടാകും. എന്നാൽ ആസ്ഥാനം കാഞ്ഞങ്ങാട്ടുനിന്ന് മാറ്റാനുള്ള നീക്കങ്ങളും നടക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. സി യൂസഫ് ഹാജി അധ്യക്ഷനായി. സി കെ ആസിഫ്, എം സി ജോസ്, പി അപ്പുക്കുട്ടൻ, എ ഹമീദ് ഹാജി, ഇ കെ കെ പടന്നക്കാട്, എ ദാമോദരൻ, എം കുഞ്ഞികൃഷ്ണൻ, ടി മുഹമ്മദ് അസ്ലം, ഐശ്വര്യ കുമാരൻ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, കെ മുഹമ്മദ് കുഞ്ഞി, സി മുഹമ്മദ് കുഞ്ഞി, അശോക് കുമാർ, മഹേഷ് എന്നിവർ സംസാരിച്ചു. പ്രതിഷേധ ധർണ 23ന് കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി 23ന് പ്രതിഷേധ ധർണ നടത്തും. റെയിൽവെ സ്റ്റേഷൻ പരിസരത്ത് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com