വൈകരുത്‌ നീലേശ്വരം– 
ഇടത്തോട് റോഡ് വികസനം



നീലേശ്വരം നീലേശ്വരം –- ഇടത്തോട് റോഡിന്റെ മെക്കാഡം ടാറിങ് പൂർത്തീകരിച്ച് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം.  സംസ്ഥാന സർക്കാർ 2018 ൽ 42.10 കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച റോഡിന്റെ പ്രവൃത്തി ഇപ്പോൾ പാതിവഴിയിലാണ്‌. 2019ൽ തന്നെ ടെൻഡർ നടപടി പൂർത്തിയാക്കി കരാർ നൽകിയെങ്കിലും കരാറുകാരന്റെ അനാസ്ഥ കാരണം നിർമാണം പൂർത്തിയായില്ല. നീലേശ്വരം റെയിൽവേ മേൽപ്പാലം മുതൽ 1.3 കിലോമീറ്റർ ദൈർഘ്യത്തിൽ നീലേശ്വരം താലൂക്ക്‌ ആശുപത്രിവരെയുള്ള സ്ഥലത്താണ് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ ബാക്കിയുണ്ടായിരുന്നത്. ഭൂമി, കെട്ടിട ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക കിഫ്ബി റവന്യൂ വകുപ്പിന് നൽകി. ഭൂമി ഏറ്റെടുക്കാനുള്ള നടപടിയും പൂർത്തീകരിച്ചു. പക്ഷെ കരാറുകാരന്റെ അനാസ്ഥ കാരണം റോഡ്‌ വികസനം എങ്ങുമെത്താത്ത അവസ്ഥയുണ്ടായി. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഗതാഗതം ദുസഹമാക്കിയ  സാഹചര്യത്തിൽ സിപിഐ എം, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ നിരവധി തവണ സമരരംഗത്തിറങ്ങി. എം രാജഗോപാലൻ എംഎൽഎ ഉൾപ്പെടെ ശക്തമായ ഇടപെടൽ നടത്തിയെങ്കിലും കരാറുകാരന്റെ ധാർഷ്ഠ്യം കാരണം പണി നിലച്ചു. തുടർന്ന് കരാർ റദ്ദ് ചെയ്ത് പുതിയ ടെൻഡറിന് നടപടി സ്വീകരിക്കുകയായിരുന്നു.  പുതുക്കിയ എസ്റ്റിമേറ്റിലെ അധിക തുക അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടി ആരംഭിക്കും. നരിമാളം വളവ് മുതൽ പാലാത്തടം കാമ്പസ് വരെയും പാലായി റോഡ് മുതൽ താലൂക്ക് ആശുപത്രി വരെയും ടാറിങ്‌ പൂർത്തിയായിട്ടുണ്ട്. പാലായി റോഡ് മുതൽ പാലാത്തടം കാമ്പസ്‌ വരെയും നരിമാളം വളവ് മുതൽ ചോയ്യങ്കോട്‌ വരെയും മെക്കാഡം ടാറിങ്‌ ബാക്കിയുണ്ട്‌. റോഡ്‌ തകർന്നതിനാൽ ഈ ഭാഗത്ത്‌ കഴിഞ്ഞ മെയിൽ 26 ലക്ഷം രൂപ ചെലവഴിച്ച്‌  അറ്റകുറ്റപ്പണി നടത്തി.  നീലേശ്വരം –- ഇടത്തോട്‌ റോഡിലെ നീലേശ്വരം മുതൽ മൂപ്പിൽ വരെയുള്ള റീച്ചിലെ 12.776 കീ.മീ നീളത്തിലാണ്‌ മെക്കാഡം ടാറിങ്‌ നടത്തുന്നത്‌.  നീലേശ്വരം നഗരസഭയിലും കിനാനൂർ കരിന്തളം, കോടോം ബേളൂർ പഞ്ചായത്തുകളിലുമായാണ്‌ റോഡ്‌  കടന്നുപോകുന്നത്‌. മൂപ്പിൽ മുതൽ ഇടത്തോട്‌ വരെയുള്ള റീച്ചിൽ മെക്കാഡം ടാറിങ്‌ നേരത്തെ പൂർത്തീകരിച്ചു.     Read on deshabhimani.com

Related News