പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച്‌ യുവജനങ്ങൾ വഴിയോര വിശ്രമ കേന്ദ്രം നിർമിക്കും

ഡിവൈഎഫ്‌ഐയുടെ പ്ലാസ്‌റ്റിക്‌ മാലിന്യശേഖരണം കാവുഞ്ചിറ മിയാവാക്കി ദ്വീപിൽ നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ ഉദ്‌ഘാടനംചെയ്യുന്നു


കാസർകോട്  പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച്‌ വിൽപ്പന നടത്തി ഡിവൈഎഫ്‌ഐ വഴിയോര വിശ്രമ കേന്ദ്രം നിർമിക്കും.  സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ അഭിമാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ മാലിന്യ നിർമാർജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‌   ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ച ‘ബീറ്റ് ദ പ്ലാസ്റ്റിക് പൊലൂഷൻ' മുദ്രാവാക്യം ഏറ്റെടുത്ത് വേറിട്ട പ്രവർത്തനമാണ്‌ സംഘടിപ്പിക്കുന്നത്.  ജില്ലയിൽ  29 വരെ മുഴുവൻ വീടുകളിലും പൊതുയിടങ്ങളിലും പ്രവർത്തകർ  മാലിന്യം ശേഖരിക്കും. ഇവ വിൽപ്പന നടത്തി ജില്ലയിൽ ജനങ്ങൾ കൂടുതലെത്തുന്ന ഒരു പൊതു കേന്ദ്രത്തിൽ ആധുനിക സൗകര്യങ്ങളോടെ വഴിയോര വിശ്രമ കേന്ദ്രം നിർമിക്കാനാണ് തീരുമാനം. വിശ്രമ മുറി, ശുചിമുറി, ലഘുഭക്ഷണശാല, മൊബൈൽ റിചാർജിങ് പോയിന്റ്‌ ലൈബ്രറി, മുലയൂട്ടൽ കേന്ദ്രം എന്നീ സൗകര്യങ്ങളോടെയാണ് വിശ്രമ കേന്ദ്രം ഒരുക്കുക.  ജില്ലാതല ഉദ്ഘാടനം  കാവുഞ്ചിറ മിയാവാക്കി ദ്വീപിൽ നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേധ്യ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം എം വി രതീഷ്, ശ്രീജിത്ത്‌ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News