കെ ബാലകൃഷ്ണൻ നമ്പ്യാർ പുരസ്‌കാരം സച്ചിദാനന്ദന് സമ്മാനിച്ചു
മാണിയാട്ട് ഭാഷാധ്യാപകനും എഴുത്തുകാരനുമായിരുന്ന കെ ബാലകൃഷ്ണൻ നമ്പ്യാരുടെ സ്മരണയ്ക്ക് മാണിയാട്ട് കെ ബാലകൃഷ്ണൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ മൂന്നാമത് സാഹിത്യ പുരസ്കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന് സാഹിത്യ വിമർശകൻ ഡോ. ഇ വി രാമകൃഷ്ണൻ സമ്മാനിച്ചു. സച്ചിദാനന്ദന്റെ ‘ഓർമകളുടെയും മറവികളുടെയും പുസ്തകം' എന്ന ആത്മകഥയാണ് പുരസ്‌കാരത്തിന് അർഹമായത്. സാഹിത്യം നിലനിൽക്കുന്നത് അതത് കാലത്ത് മനസ്സിലാക്കപ്പെടുന്നതുപോലെയല്ലെന്നും അതിന് പുതിയകാലത്ത് നാനാർഥ സാധ്യതകളുണ്ടാകുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. അതുകൊണ്ടാണ് കൃതികൾ എപ്പോഴും ജീവനോടെ തുടരുന്നത്. എത്രകാലം കഴിഞ്ഞാലും എല്ലാകാലത്തെയും സങ്കടത്തിന്റെയും സംശയത്തിന്റെയും അംശങ്ങൾ കൃതികളിൽ കാണാനാകുമെന്നും അത് പാരമ്പര്യത്തെയും പുതുമയെയും നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. മാണിയാട്ട് വിജ്ഞാനദായിനി വായനശാല ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ, പുരസ്‌കാര സമർപ്പണ ചടങ്ങിൽ ജി ബി വത്സൻ അധ്യക്ഷനായി. എ സി ശ്രീഹരി, കെ വി മണികണ്ഠദാസ്, എം വി കോമൻ നമ്പ്യാർ, കെ മോഹനൻ, ഡോ. എ വി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. എഴുത്തുകാരൻ ഇ പി രാജഗോപാലൻ വായനശാലയ്‌ക്ക് നൽകിയ പുസ്തകം ബ്ലോക്ക് പഞ്ചായത്തംഗം എം വി സുജാത ഏറ്റുവാങ്ങി. Read on deshabhimani.com