കോൺഗ്രസ് നേതാവ് പഞ്ചായത്ത് യോഗത്തിനെത്തിയത് ലഹരിയിൽ
കുറ്റിക്കോൽ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ കോൺഗ്രസ്സ് അംഗം മദ്യലഹരിയിൽ വന്നതായി ആരോപണം. ഇതിനെ തുടർന്ന് യോഗത്തിലും പുറത്തും വ്യാപക പ്രതിഷേധം ഉയർന്നു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റും കുറ്റിക്കോൽ പഞ്ചായത്ത് 12ാം വാർഡ് മെമ്പറുമായ ജോസ് പാറത്തട്ടേലാണ് വെള്ളിയാഴ്‌ചത്തെ യോഗത്തിൽ മദ്യലഹരിയിൽ എത്തിയതായി അംഗങ്ങൾ പറയുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ പ്രതിപക്ഷാംഗങ്ങൾ ഇടപെട്ടു പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു. അതോടെ പ്രകോപിതനായി ജോസ് പ്രതിപക്ഷാംഗങ്ങൾക്ക് നേരെ തട്ടിക്കയറി യോഗം അലങ്കോലമാക്കാൻ ശ്രമിച്ചു. അനുനയിപ്പിച്ച് യോഗം നടത്താൻ ശ്രമമുണ്ടായെങ്കിലും പ്രതിപക്ഷാംഗങ്ങൾ എതിർത്തു. പഞ്ചായത്ത് സെക്രട്ടറി പോലീസിനെ വിളിച്ചു. എന്നാൽ പോലീസ് എത്തുന്നതിന് മുമ്പ് ജോസ് പാറത്തട്ടേൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ജോസിനെ പുറത്താക്കിയതായി രേഖപ്പെടുത്തി യോഗം ചേരുകയായിരുന്നു. മുമ്പും സമാന സാഹചര്യമുണ്ടായപ്പോൾ ജോസിനെ യോഗത്തിൽ വരുന്നത് വിലക്കിയിരുന്നുവെന്ന് അംഗങ്ങൾ പറയുന്നു. ജോസ് രാജിവെക്കണമെന്ന് സിപിഐ എം ബേഡകം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. ജനപ്രതിനിധി ഇത്തരത്തിൽ യോഗത്തിലെത്തിയതിന് കോൺഗ്രസ്സ് ജനങ്ങളോട് മാപ്പ് പറയണമെന്നും ജോസിനെതിരെ സംഘടനാ നടപടി എടുക്കുമോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ജോസ് പാറത്തട്ടേലിന്റെ രാജി ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ ബേഡകം ബ്ലോക്ക് കമ്മറ്റി കുറ്റിക്കോൽ പഞ്ചായത്തോഫീസിന് മുന്നിൽ പ്രതിഷേധ യോഗം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി സി ബാലൻ ഉദ്ഘാടനം ചെയ്തു.കെ പി ദിപീഷ് അധ്യക്ഷനായി.കെ എൻ രാജൻ, കെ സുധീഷ് , പി ഗോപിനാഥൻ, കെ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com