അഭിമാന നേട്ടത്തിൽ സിനോഷ്

ഡോ. സിനോഷ് സ്കറിയാച്ചൻ


രാജപുരം  ലോകത്തിലെ മികച്ച ശാസ്ത്ര ഗവേഷകരുടെ പട്ടികയിൽ ഇടം നേടി രാജപുരം സെന്റ്‌ പയസ് ടെൻത് കോളേജിലെ അധ്യാപകൻ ഡോ. സിനോഷ് സ്കറിയാച്ചൻ.  അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയും എൽസിവിയർ പബ്ലിഷിങ്‌ കമ്പനിയും എല്ലാവർഷവും പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് ഇത്തവണ ചെറുപനത്തടി സ്വദേശിയും രാജപുരം സെന്റ്‌ പയസ് ടെൻത് കോളേജിലെ മൈക്രോബയോളജി വിഭാഗം അസി. പ്രൊഫസറുമായ സിനോഷ് സ്കറിയാച്ചൻ സ്ഥാനം പിടിച്ചത്.   കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽനിന്ന് മൈക്രോബയോളജിയിലും ബയോ ഇൻഫോർമാറ്റിക്സിലും ബിരുദാനന്തര ബിരുദം നേടിയ സിനോഷ് ബെൽഗാം വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയിൽനിന്നാണ്‌ പിഎച്ച്ഡി നേടിയത്‌. 2008 മുതൽ 12 വർഷം ബംഗളൂരു ദയാനന്ദ സാഗർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ അസോ.  പ്രൊഫസറായിരുന്നു. അക്കാലത്ത്  പ്രമുഖ ശാസ്ത്ര മാസികകളിൽ 115 ഓളം പ്രബന്ധം പ്രസിദ്ധീകരിച്ചു.  2019 ൽ കോവിഡ് പടരുന്നതിന്‌ രണ്ടുവർഷം മുമ്പ് കോവിഡ് വൈറസിന്റെ ആദ്യ വകഭേദത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധം അന്തർദേശീയതലത്തിൽ ചർച്ചയായി. ബയോമെഡിക്കൽ റിസർച്ചിൽ മൈക്രോബയോളജി എൻവിയോൺമെന്റ്‌ സയൻസ് വിഭാഗത്തിൽ ലോകത്തിലെ 4039-ാം റാങ്കും അദ്ദേഹം നേടി. 2022ൽ രാജ്യത്തെ മികച്ച മൈക്രോബയോളജി അധ്യാപകനായും തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ പ്രവർത്തകനായിരുന്നു. ഇപ്പോൾ ഇടതുപക്ഷ അധ്യാപക സംഘടനയിൽ അംഗമാണ്. ചെറുപനത്തടിയിലെ സിഐടിയു പ്രവർത്തകനും ചുമട്ടുതൊഴിലാളിയായിരുന്ന വി വി സ്കറിയാച്ചന്റെയും ജാൻസിയുടെയും മകനാണ്. കാഞ്ഞങ്ങാട്  സ്വകാര്യ ആശുപത്രിയിലെ ഫാമിലി കൗൺസിലറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ധന്യാ പി എലിസബത്താണ് ഭാര്യ. ഉജ്ജ്വൽ സിനോഷ് സ്കറിയ, പ്രജ്ജ്വൻ സിനോഷ് സ്കറിയ എന്നിവർ മക്കൾ. Read on deshabhimani.com

Related News